64-ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ 1023 പോയിന്‍റുമായി കപ്പടിച്ച് കണ്ണൂര്‍. 1018 പോയിന്‍റുമായി തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് എത്തിയ കോഴിക്കോട് 1016 പോയിന്റ് സ്വന്തമാക്കി.
അതേസമയം, സ്കൂള്‍ കലോല്‍സവത്തിന്റെ സമാപന സമ്മേളനത്തിനായി തൃശൂര്‍ ഒരുങ്ങി. നടന്‍ മോഹന്‍ലാല്‍ സ്വർണക്കപ്പ് സമ്മാനിക്കാൻ നാലു മണിയോടെ മുഖ്യ വേദിയിൽ എത്തും. സമാപന സമ്മേളനം കാണാന്‍ നിരവധി പേരാണ് രാവിലെത്തന്നെയെത്തി സദസ്സില്‍ ഇടംപിടിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പാറമേക്കാവിന് എതിർവശത്തു തേക്കിൻകാട് മൈതാനത്തെ ഒന്നാം വേദിയിലാണു സമാപന സമ്മേളനം.