തൃശൂര്‍ ഒല്ലൂര്‍ സീറ്റില്‍ വരത്തന്‍മാര്‍ വേണ്ടെന്ന് വ്യാപക പോസ്റ്ററുകള്‍.  കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെ വേണ്ടെന്ന് ഒല്ലൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ കെ.പി.സി.സി. പ്രസിഡന്‍റിന് കത്തുനല്‍കി. 

ഒല്ലൂര്‍ കോണ്‍ഗ്രസില്‍ പ്രാദേശികവാദം മുറുകുകയാണ്. വരത്തന്‍മാരായ സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന പോസ്റ്ററുകള്‍ ഉയരാന്‍ കാരണവും ഇതാണ്. കോണ്‍ഗ്രസിന്‍റെ ഒല്ലൂര്‍ ബ്ലോക്ക് പ്രസിഡന്‍റും മണ്ഡലം പ്രസിഡന്‍റും ഉള്‍പ്പെടെ പ്രാദേശിക നേതാക്കള്‍ വരത്തന്‍ സ്ഥാനാര്‍ഥിയ്ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിനു കത്തു നല്‍കി. മണ്ഡലത്തില്‍ ജനിച്ചു വളര്‍ന്നയാള്‍ വരണമെന്നാണ് കത്തിന്‍റെ ഉള്ളടക്കം. പി.ആര്‍.ഫ്രാന്‍സീസിനും ലീലാമ്മ ടീച്ചര്‍ക്കും ശേഷം അങ്ങനെയൊരാള്‍ ഒല്ലൂരില്‍ മല്‍സരിച്ചിട്ടില്ലെന്ന് കത്തില്‍ പറയുന്നു. തൃശൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി ജെയ്ജു സെബാസ്റ്റ്യന്‍റെ പേരാണ് ഇക്കൂട്ടര്‍ മുന്നോട്ടു വയ്ക്കുന്നത്. മണ്ഡലത്തില്‍ ജനിച്ച്, കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച നേതാവാണെന്നാണ് പ്രാദേശിക നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. മുന്‍ ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂരിന്‍റെ വിശ്വസ്തന്‍ കൂടിയാണ് ജെയ്ജു. ഒല്ലൂര്‍ മണ്ഡലത്തിലെ, രണ്ടു ബ്ലോക്ക് പ്രസിഡന്‍റുമാരേയും ഏഴു മണ്ഡലം പ്രസിഡന്‍റുമാരേയും ഒന്നിച്ച് അണിനിരത്തി വരത്തന്‍ വാദം ഉയര്‍ത്താനാണ് നീക്കം. നിലവില്‍ ഒല്ലൂര്‍ സീറ്റില്‍ നോട്ടമിട്ട് പ്രവര്‍ത്തിക്കുന്നത് കെ.പി.സി.സി. സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ്. ടോള്‍ വിഷയത്തില്‍ ഉള്‍പ്പെടെ പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ മാധ്യമ ശ്രദ്ധ നേടിയ നേതാവ് കൂടിയാണ് ഷാജി. മുന്‍ എം.എല്‍.എയും മുന്‍ ഡി.സി.സി. പ്രസി‍ഡന്‍റുമായ എം.പി.വിന്‍സെന്‍റാണ് സീറ്റില്‍ ഉന്നമിട്ട മൂന്നാമന്‍. ഇതിനെല്ലാം പുറമെ, മുന്‍ മേയര്‍ രാജന്‍ ജെ പല്ലനും ഒല്ലൂരില്‍ മല്‍സരിക്കാന്‍ രംഗത്തുണ്ട്. ക്രൈസ്തവ സമുദായംഗത്തെ പാര്‍ട്ടി പരിഗണിക്കുമെന്നാണ് സൂചന. അതുക്കൊണ്ടുതന്നെ, ഇതേസമുദായത്തില്‍ നിന്നുള്ള നേതാക്കളുടെ പട ഒല്ലൂര്‍ ലക്ഷ്യമിട്ട് രംഗത്തുണ്ട്.  ഒല്ലൂര്‍ മണ്ഡലത്തിലെ പുത്തൂര്‍ , പാണഞ്ചേരി പഞ്ചായത്തുകളുടെ ഭരണം തിരിച്ചുപിടിച്തതോടെ വിജയസാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. ഇതോടെ, കോണ്‍ഗ്രസില്‍ സീറ്റിനായി തമ്മിലടി രൂക്ഷമായി. 

ENGLISH SUMMARY:

Ollur Congress faces internal conflict over candidate selection. Local leaders demand a native candidate, opposing potential 'outsider' nominees for the upcoming election.