സൗമ്യയുടെ ദാരുണ കൊലപാതകം നടന്ന് 15 വർഷം ആകുമ്പോഴും ട്രെയിനുകളിൽ സ്ത്രീ സുരക്ഷ പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. 1989 ലെ റെയിൽവേ ആക്ട് പ്രകാരം മദ്യമോ ലഹരി വസ്തുക്കളോ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ശിക്ഷാർഹമെങ്കിലും പരിശോധനയ്ക്ക് സംവിധാനമില്ല. ഓട്ടോമാറ്റിക് ഡോറുകൾ എന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. സുരക്ഷയില്ലെന്ന പരാതി പരിശോധിക്കുമെന്നാണ് റെയിൽവേയുടെ പതിവ് മറുപടി.
കേരളത്തിന്റെ കണ്ണീരായി മാറിയ സൗമ്യ ട്രെയിൻയാത്രയ്ക്കിടെ ഗോവിന്ദച്ചാമിയുടെ കൊടുംക്രൂരതയ്ക്കിരയായിട്ട് 15ാം വർഷത്തിലും സ്ത്രീ സുരക്ഷ കടലാസിൽ തന്നെ. ഇന്നലെ കേരള എക്സ്പ്രസ് ജനറൽ കംപാർട്മെൻ്റിൽ തിരുവനന്തപുരത്തേയ്ക്ക് യാത്രചെയ്യുകയായിരുന്നു ദുരന്തത്തിനിരകളായ ശ്രീക്കുട്ടിയും അർച്ചനയും . മദ്യപിച്ച് ലക്കുകെട്ട് സുരേഷ് കുമാറും ഇതേ കംപാർട്ട്മെന്റില്‍ കയറി.
നാലു കാലിൽ ആടി നിന്ന സുരേഷ് കുമാർ പെൺകുട്ടികളുടെ ദേഹത്തേയ്ക്ക് ചാരിയപ്പോൾ അവരെതിർത്തു. തർക്കമായി, ഇതൊന്നുo കാണാനും കേൾക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ പേരിനു പോലും ഇല്ലാതിരുന്നതോടെ ക്രൂര കൃത്യത്തിന് അരങ്ങൊരുങ്ങി. പക മൂത്ത പ്രതി അയന്തി പാലത്തിന് തൊട്ടുമുമ്പ് ശ്രീ കുട്ടിയെ ട്രാക്കിലേയ്ക്ക് ചവിട്ടി തെറിപ്പിച്ചു.
രക്ഷാപ്രവർത്തകർ പെൺകുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലേയ്ക്കും മാറ്റി. കൊച്ചുവേളിയിൽ പ്രതി പിടിയിലാകുമ്പോഴും ലഹരിയുടെ ഉന്മാദ അവസ്ഥയിലായിരുന്നു.മദ്യപിച്ച് യാത്ര ചെയ്യുന്നയാൾ യാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കിയാൽ അറസ്റ്റ് ചെയ്യണമെന്നാണ് നിയമം. പക്ഷേ നിയമം നടപ്പാക്കാനുള്ളവർ ഒന്നും കണ്ടില്ല.
ഓട്ടോമാറ്റിക് ഡോറുകൾ വന്നാൽ വലിയൊരളവ് വരെ അപകടങ്ങൾ കുറയുമെന്ന് യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും റെയിൽവേ അനങ്ങിയിട്ടില്ല.