വര്‍ക്കലയില്‍ ട്രെയിനില്‍ യുവതി ആക്രമണത്തിന് ഇരയായതോടെ റെയില്‍ സുരക്ഷ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നുവെന്ന് ഒരിക്കല്‍ കൂടി യാത്രക്കാര്‍ തിരിച്ചറിയുകയാണ്. ഗോവിന്ദച്ചാമി ട്രെയിനില്‍ ക്രൂരമായി കൊലപ്പെടുത്തിയ പെണ്‍കുട്ടി ഇപ്പോഴും കേരളത്തിന്റെ കണ്ണീരോര്‍മയാണ്.
ട്രെയിന്‍ സുരക്ഷ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 2011ലെ ഗോവിന്ദച്ചാമി പ്രതിയായ കേസിനുശേഷം പല പ്രഖ്യാപനങ്ങളുമുണ്ടായി. ജനറല്‍ കംപാര്‍ട്മെന്‍റുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയായിരുന്നു മുഖ്യലക്ഷ്യം. എന്നാല്‍ അവയൊന്നും ഫലം കണ്ടില്ലെന്നതിന് തെളിവാണ് തുടര്‍ന്നുണ്ടായ ആക്രമണങ്ങള്‍. 2021 ഏപ്രിലില്‍ 28ന് മുളന്തുരുത്തിയിൽ പട്ടാപ്പകൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നപ്പോൾ, രക്ഷപ്പെടാനായി ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയ യുവതിക്ക് ഗുരുതരമായി പരുക്കേറ്റത് ഒരു ഉദാഹരണം.
കണ്ണൂരിൽ വിദ്യാർഥിനിയെ ആക്രമിച്ച് സ്വർണമാല കവര്‍ന്നത് 2023 ഏപ്രില്‍ 12നാണ്. 2025 ഒാഗസറ്റ് എട്ടിന് കോഴിക്കോട്ട് വീട്ടമ്മയെ ട്രെയിനില്‍ ചവിട്ടിവീഴ്ത്തി പണവും മൊബൈൽ ഫോണും കവർന്നു. പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും, രാത്രി ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കും, വനിതാ കംപാർട്ട്മെന്റുകളിൽ പ്രവേശിക്കുന്ന പുരുഷന്മാർക്കെതിരെ കർശന നടപടി തുടങ്ങി റെയില്‍വേയുടെ സുരക്ഷാവാഗ്ദാനങ്ങള്‍ നിരവധിയാണ്.