ഇന്ത്യന്‍ റെയില്‍വേയില്‍ യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് വിദേശ സഞ്ചാരി. യുകെയില്‍ നിന്നുള്ള ട്രാവര്‍ വ്ലോഗറായ ബെന്‍ പങ്കുവച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇതിന് മുന്‍പ് ഒരു ട്രെയിനിലെ ഹൗസ്കീപ്പിങ് തൊഴിലാളി മാലിന്യമെല്ലാം ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് തള്ളുന്ന വിഡിയോ പോസ്റ്റ് ചെയ്തതും ബെന്‍ തന്നെയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിഡിയോ. ബാക്ക്പാക്കര്‍ ബെന്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ വഴിയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്.
വിഡിയോയില്‍ ബെന്‍ ഒരു ജനറല്‍ കംപാര്‍ട്ട്മെന്‍റിലാണ് യാത്ര ചെയ്യുന്നത്. എതിരെ ഇരിക്കുന്ന ഒരു സഹയാത്രികൻ തന്‍റെ സീറ്റിൽ കാലു വയ്ക്കുന്നത് പതിവാണെന്ന് ബെന്‍ പറയുന്നു. ചെയ്യരുതെന്ന് പലതവണ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ബെന്‍ പറഞ്ഞു. ‘ഞാൻ അദ്ദേഹത്തോട് പലതവണ മാന്യമായി പറഞ്ഞു, ദയവായി അങ്ങനെ ചെയ്യരുത്, അവൻ പുഞ്ചിരിക്കും, രണ്ട് മിനിറ്റിനുശേഷം വീണ്ടും എന്റെ സീറ്റില്‍ കാല്‍ വയ്ക്കും’. പിന്നാലെ മറ്റൊരു യാത്രക്കാരൻ കടന്നുപോകവേ കയ്യില്‍ തുപ്പിയതായും ബെന്‍ പറയുന്നു. ‘ആരോ എന്റെ കൈയിൽ തുപ്പി. അയാൾ വെള്ളരിക്ക ചവയ്ക്കുകയായിരുന്നു, അയാൾ എന്നെ നോക്കി എന്തോ പറഞ്ഞു. അത് എന്റെ കൈയിലെത്തി’ ബെന്‍ പറയുന്നു. ‘ഇന്ത്യയിലെ ഭയാനകമായ ട്രെയിൻ അനുഭവം’ എന്ന് കുറിച്ചാണ് ബെന്‍ വിഡിയോ പങ്കിട്ടത്.
പിന്നാലെ കമന്‍റുകളുമായി നെറ്റിസണ്‍സുമെത്തി. ചിലർ യാത്രക്കാരെ കുറ്റപ്പെടുത്തിയപ്പോള്‍ സെക്കന്‍റ് ക്ലാസോ ഫസ്റ്റ് ക്ലാസോ എടുക്കാതെ യാത്ര ചെയ്തതിന് വ്ലോഗറെ കുറ്റപ്പെടുത്തുകയും ചെയ്തു. ‘ബ്രോ, നിങ്ങള്‍ സെക്കൻഡ് ക്ലാസ്സിലോ ഫസ്റ്റ് ക്ലാസ്സിലോ കയറിയാൽ 5 ഡോളർ കൂടുതൽ ചിലവാകും, പക്ഷേ അതിനുള്ള യാത്രാ അനുഭവം നിങ്ങള്‍ക്ക് ലഭിക്കും. അടുത്ത തവണ, പണം ലാഭിക്കുന്നത് ഒഴിവാക്കി മികച്ച ഗതാഗത മാർഗങ്ങള്‍ തിരഞ്ഞെടുക്കുക’ ഒരാള്‍ കുറിച്ചു. ‘ലോക്കൽ കമ്പാർട്ടുമെന്റിനെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്. പക്ഷേ അത് നിങ്ങളുടെ തിരഞ്ഞെടുപ്പായിരുന്നു. മികച്ച എസി കോച്ചുകളും സ്റ്റാൻഡേർഡ് കമ്പാർട്ടുമെന്റുകളും ലഭ്യമായിരുന്നു. കുറച്ചുകൂടി പണം ചിലവാക്കിയാല്‍ സുഖകരമായി യാത്ര ചെയ്യാമായിരുന്നു. പക്ഷേ പരാതിപ്പെടാൻ വേണ്ടി മാത്രം നിങ്ങൾ ഏറ്റവും വിലകുറഞ്ഞ ഓപ്ഷൻ തിരഞ്ഞെടുത്തു, മികച്ച തന്ത്രം’ മറ്റൊരാള്‍ കുറിച്ചു. ‘ഇന്ത്യയിലേക്ക് വരുന്നതിനു നീ ഇന്ത്യയെ മനസ്സിലാക്കണം. ഇവിടെ പാശ്ചാത്യ രാജ്യങ്ങള്‍ പോലെയല്ല. നല്ല ആളുകളെയും നല്ല പെരുമാറ്റവും അറിയണമെങ്കില്‍, ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ പോകണം’ മറ്റൊരാള്‍ കുറിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ട്രെയിനിലെ ഹൗസ്കീപ്പിങ് തൊഴിലാളി മാലിന്യമെല്ലാം ഓടുന്ന ട്രെയിനില്‍ നിന്ന് റെയിൽവേ ട്രാക്കിലേക്ക് തള്ളുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വിഡിയോയും പങ്കിട്ടത് ബെന്‍ തന്നെയായിരുന്നു. കുപ്പികൾ, റാപ്പറുകൾ, മറ്റ് മാലിന്യങ്ങളെല്ലാം ട്രാക്കിലേക്ക് തള്ളുന്നതായിരുന്നു വിഡിയോ. വിഡിയോ എടുക്കുന്നത് കണ്ടിട്ടും തെല്ലും കൂസലില്ലാതെ അയാള്‍ തന്‍റെ പ്രവൃത്തികള്‍ തുടരുകയായിരുന്നു. വിഡിയോ വൈറലായതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.