ലൈഫില്‍ ഫ്ലാറ്റ് നിര്‍മിച്ചു തരാമെന്ന സര്‍ക്കാര്‍ വാഗ്‌ദാനത്തില്‍ വിശ്വസിച്ച് ദരിദ്രരായ കുറേ കുടുംബങ്ങളുണ്ട് പാലക്കാട് ചിറ്റൂരില്‍. ആകെയുണ്ടായിരുന്ന കൂര പൊളിച്ചു മാറ്റി ഫ്ലാറ്റിനായി കാത്തിരുന്നവരാണ് 8 വര്‍ഷമായി പെരുവഴിയില്‍ കഴിയുന്നത്. തങ്ങളുടെ ദാരിദ്ര്യം ആരോട് പറയുമെന്ന് ചോദിക്കുന്നുണ്ട് ഓരോരുത്തരും.
ലൈഫ് പദ്ധതിയില്‍ പെട്ട 66 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റ്. 2017 ല്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം അങ്ങനെയായിരുന്നു. ആ വര്‍ഷം നവംബര്‍ 1 നു ഫ്ലാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. ചിറ്റൂര്‍ വെള്ളപ്പനയില്‍ 14 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു പണി തുടങ്ങി 8 വര്‍ഷമായിട്ടും എവിടേയും എത്തിയില്ല.
കൂരയില്ലാതെ, വൈദ്യുതിയില്ലാതെ, ശുചിമുറി സൗകര്യം പോലുമില്ലാതെ അത്രയും കുടുംബങ്ങള്‍ നരകയാതനയിലാണ്. പലപ്പോഴായി പണി മുടങ്ങി. നിര്‍മിച്ചു വെച്ചതിലാണെങ്കില്‍ വിള്ളല്‍. സര്‍ക്കാര്‍ ഉറപ്പില്‍ കിടപ്പാടത്തിനു കാത്തിരുന്നവര്‍ ശരിക്കും പെരുവഴിയിലായി. അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ആരോപണം.
എന്തുകൊണ്ട് കാലതാമസം എന്ന ചോദ്യത്തിനു ആരും മറുപടി നല്‍കിയില്ല. വാക്ക് തെറ്റിച്ചു കടുത്ത ദുരിതം സമ്മാനിച്ച അധികൃതര്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഗുണഭോക്താക്കളുടെ തീരുമാനം.