ഇടവേളകളിലെ നേരം പോക്കിനായി തുടങ്ങിയ നെറ്റിപ്പട്ട നിർമ്മാണം ഒരു വരുമാനമാർഗമായി മാറിയതിന്റെ ത്രില്ലിലാണ് പാലക്കാട് കൂനത്തറ സ്വദേശിനി ആതിര. നെറ്റിപ്പട്ടം മാത്രമല്ല കേട്ടോ .. അനേകം വെറൈറ്റികൾ ആതിരയുടെ പക്കലുണ്ട്. കുട്ടിക്കാലത്ത് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളിൽ മുത്തുകൾ ഒട്ടിച്ച് വച്ച് പരീക്ഷിച്ച ബോട്ടിൽ ആർട്ടുകളിൽ നിന്നാണ് കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിലേക്കുള്ള ചുവടുവെച്ചത് .പിന്നീട് ചില്ലു കുപ്പികളിലും പരീക്ഷിച്ചു വിജയം നേടി
ആദ്യം ഒരു നെറ്റിപ്പട്ടം യൂട്യൂബിന്റെ സഹായത്തോടെ ഉണ്ടാക്കി നോക്കി. സംഗതി ക്ലിക്കായപ്പോൾ ആ നെറ്റിപ്പട്ടത്തിന് ആവശ്യക്കാരെത്തി. ഇപ്പോൾ ഒരടി നീളം മുതൽ അഞ്ചടിയും ആറടിയും നീളമുള്ള വലിയ നെറ്റിപ്പട്ടങ്ങൾ വരെ ആതിര നിർമ്മിക്കാറുണ്ട്.
നിർമ്മിച്ചശേഷം സ്വന്തം ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ പരസ്യപ്പെടുത്തിയാണ് വില്പന. ദുബായ്, ഖത്തർ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് വരെ ആവശ്യകാരെത്താറുണ്ട്. വെറൈറ്റി അലങ്കാര തിടമ്പുകളും, കീ ചെയിൻ നെറ്റിപ്പട്ടങ്ങളും എല്ലാം ഇപ്പോൾ ക്ലിക്കാണ്. വെറ്റും,പോളിമർ മുത്തുകളും, പല വർണ്ണങ്ങളിലുള്ള നൂലുകളും,ഉപയോഗിച്ചാണ് പ്രവൃത്തി. നിർമ്മാണത്തിലൂടെ സംരംഭകത്വത്തിനുള്ള പുതിയ സാധ്യതകളും തേടുകയാണ് ഈ യുവതി.