TOPICS COVERED

‘സെലിബ്രേഷൻ സാബു’, പേര് കേൾക്കുമ്പോൾ ആരായാലും വിചാരിക്കും ജീവിതം ആഘോഷമാക്കുന്ന ഒരു മനുഷ്യനാണെന്ന് . പക്ഷെ ഇയാൾ ആഘോഷമാക്കുന്നത് മദ്യത്തോടൊപ്പമാണ്. ജില്ലയിലെ ഏറ്റവും വലിയ അനധികൃത മദ്യ വിൽപനക്കാരനായ ‘സെലിബ്രേഷൻ സാബു’ എന്ന തൃക്കൊടിത്താനം കണ്ടത്തിൽപറമ്പിൽ ചാർലി തോമസിനെ ചങ്ങനാശ്ശേരി എക്സൈസ് സംഘം കഴിഞ്ഞ ദിവസം പിടികൂടി.

നാലു കോടി വളയംകുഴി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റു ചെയ്തത്. വളയംകുഴി മോസ്കോ ഭാഗത്ത് റബർ കമ്പനികളും അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രീകരിച്ച് വ്യാജ മദ്യ വിൽപന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന് ഷാഡോ എക്സൈസ് അംഗങ്ങളായ കെ.ഷിജു, പ്രവീൺ കുമാർ എന്നിവർ കമ്പനി സെയിൽസ് എക്സിക്യൂട്ടിവ് എന്ന വ്യാജേന ആഴ്ചകളോളം ഈ ഭാഗത്ത് നടത്തിയ രഹസ്യാന്വേഷണത്തിന് ഒടുവിലാണ് പ്രതി ചാർളിയുടെ വ്യാജ മദ്യ ഗോഡൗൺ കണ്ടെത്താൻ കഴിഞ്ഞത്.

204 കുപ്പികളിൽ നിന്നായി 102 ലിറ്റർ മദ്യം പ്രതിയിൽ നിന്ന് കണ്ടെടുത്തു. ഹണി ബീ, സിക്സർ, സെലിബ്രേഷൻ, ഓൾഡ് ചെഫ്, കൊറിയർ നെപ്പോളിയൻ തുടങ്ങി ഏത് ബ്രാൻഡു കസ്റ്റമർ ആവശ്യപ്പെട്ടാലും പകലെന്നോ പാതിരാത്രിയെന്നോ ഇല്ലാതെ കൃത്യമായി എത്തിച്ചു നൽകിയിരുന്നു. 400 രൂപയുടെ മദ്യം 550 രൂപ നിരക്കിൽ ദിവസം 150 കുപ്പിയോളം വിറ്റു വന്നിരുന്നു.

ENGLISH SUMMARY:

Illicit liquor sale operation busted in Changanassery. 'Celebration Sabu', a major distributor of illicit liquor, has been arrested by the Excise Department during a raid.