ചേർത്തല നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പാവങ്ങൾക്കുള്ള ഭക്ഷണത്തിലും തിരിമറി നടത്തിയതായി പരാതി. സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലെ രണ്ടു ഗുണഭോക്താക്കളുടെ ഭക്ഷ്യക്കിറ്റ് കൂപ്പൺ തട്ടിയെടുത്ത കോൺഗ്രസ് കൗൺസിലർക്കെതിരെ ചേർത്തല നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകി.
അതിദരിദ്രരുടെ പട്ടികയിലുണ്ടായിരുന്ന ചന്ദ്രാനന്ദമഠത്തിൽ സി വി ആനന്ദകുമാറിന് അതിദാരിദ്ര്യമുക്ത പദ്ധതിയിൽ നഗരസഭ കഴിഞ്ഞ 11 മാസം അനുവദിച്ച 5500 രൂ പയുടെ ഭക്ഷ്യ കൂപ്പൺ 25-ാം വാർഡ് കൗൺസിലർ എം എ സാജു തട്ടിയെടുത്തെന്നണ് പരാതി.
2024 ഡിസംബർ മുതൽ ഒക്ടോബർവരെ യുള്ള കൂപ്പൺ കൗൺസിലർ ഓഫീസിൽ നിന്ന് രജിസ്റ്ററിൽ ഒപ്പിട്ട് കൈപ്പറ്റിയതായി പരിശോധനയിൽ കണ്ടെത്തി. അതേവാർഡിലെ ഒരു വനിതാ ഗുണഭോക്താവിൻ്റെ കൂപ്പണും തട്ടിയെടുത്തെന്നും ആരോപണമുണ്ട്.
നഗരസഭ മാസം 500 രൂപയുടെ ഭക്ഷ്യക്കിറ്റ് കൂപ്പണാണ് നൽകുന്നത്. കൂപ്പൺ സപ്ലൈകോ വിൽപ്പന ശാലയിൽ നൽകി ഭക്ഷ്യധാന്യം വാങ്ങാനാണ് നിർദേശം. രണ്ട് ഗുണഭോക്താക്കളുടെ 11 മാസത്തെ കൂപ്പൺ ഉപയോഗിച്ച് 11,000 രൂപ യുടെ ഭക്ഷ്യധാന്യമാണ് കൗൺസിലർ വാങ്ങിയെടുത്തത്. എന്നാൽ കൂപ്പൺ തട്ടിയെടുത്തില്ലെന്നാണ് കൗൺസിലർ പറയുന്നത്
നഗരസഭാ ഓഫീസിലെത്തി കൂപ്പൺ കൈപ്പറ്റാനാകാത്ത അവശർക്ക് കൗൺസിലർമാർ മുഖേന എത്തിക്കുന്നതിന്റ മറവിലായിരുന്നു തട്ടിപ്പ്. തട്ടിപ്പ് പുറത്തറിഞ്ഞതോടെ ചേർത്തലയിൽ കോൺഗ്രസ് പ്രതിരോധത്തിലായി.