ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ നടപ്പാത അഭയമാക്കി ഭിക്ഷാടനം നടത്തുന്ന ഒരു ഗായികയെ പരിചയപ്പെടാം. ഭിക്ഷ ചോദിച്ച് പകരം പാട്ടുപാടിക്കൊടുക്കുന്ന കയ്പമംഗലം സ്വദേശി ശാന്തയാണ് ആ പാട്ടുകാരി. 14 വർഷം മുമ്പ് ക്ഷേത്ര നഗരിയിലെത്തിയ ശാന്തയ്ക്ക് ഇവിടെ കഴിയുന്നതിനപ്പുറം ജീവിതമില്ല. തീർഥാടകരിൽനിന്ന് കിട്ടുന്ന ഭിക്ഷയാണ് ശാന്തയുടെ ഉപജീവനമാർഗം. പകരം അവർക്കായി സ്വന്തം ശബ്ദത്തിന്‍റെ മധുരം തിരിച്ചുനൽകും. മലയാളത്തിന് പുറമെ ഇതരഭാഷകളിലും പാടുന്ന ശാന്തയ്ക്ക് വേദിയോ മേളമോ താളമോ ആരവമോ വേണ്ട, ശാന്ത പാടും, ഹൃദയത്തിൽനിന്നുയരുന്ന ശബ്ദത്തോടെ.
പാട്ടു മാത്രമല്ല ചിത്രരചനയും കരകൗശല വിദ്യയും ശാന്തയ്ക്ക് വശമാണ്. കുപ്പത്തൊട്ടിയിലെ മാണിക്യം പോലെ ആർക്കും തിരഞ്ഞെടുക്കാവുന്ന ശാന്ത പക്ഷേ നടപ്പാതയിൽ സംതൃപതയാണ്. ആ അഭയകേന്ദ്രത്തിൽ തന്‍റെ വിഷമങ്ങളെല്ലാം ശാന്ത ഇറക്കിവയ്ക്കും. അതെല്ലാം മറക്കാൻ പാട്ടു പാടും. അതുകേട്ട് വഴിപോക്കർ സന്തോഷിക്കും. ജീവിതം അങ്ങനെയാണ് മുന്നോട്ട് പോകുന്നത്.
അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച ശാന്ത റേഡിയോയിൽ നിന്നും ടിവിയിൽ നിന്നും കേൾക്കുന്ന പാട്ടുകൾ മൂളിയാണ് വരികൾ പഠിക്കുന്നത് പിന്നീട് അവ മനസിന്‍റെ ഏതെങ്കിലുംകോണിൽ നൊമ്പരങ്ങൾക്കും വിഷമങ്ങൾക്കുമൊപ്പം സൂക്ഷിച്ചുവയ്ക്കും. ആ കൂമ്പാരത്തിൽനിന്ന് പക്ഷേ പുറത്തുവരുന്നത് നാട്ടുകാർക്കുവേണ്ടിയുള്ള പാട്ടുകൾ മാത്രം.