വിനോദിനിയുടെ അമ്മ (ഇടത്)
പാലക്കാട് ചികില്‍സാപ്പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റേണ്ടി വന്ന ഒന്‍പത് വയസുകാരി വിനോദിനിയെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിക്കുള്ള നഷ്ടപരിഹാരം പോലും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഗുരുതര അനാസ്ഥയില്‍ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതിനപ്പുറം ഒരു നടപടിയും ഉണ്ടായിട്ടില്ല.
സെപ്തംബര്‍ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണു വിനോദിനിയുടെ കൈയ്ക്ക് പരുക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികില്‍സയിക്ക് ശേഷം കൈയില്‍ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന വിനോദിനിക്ക് ഇതിനകം 4 ശസ്ത്രക്രിയകളും നടത്തി.
32 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുകയാണ് വിനോദിനി. ഇനി എങ്ങനെ ജീവിക്കുമെന്നും മകളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നും വിനോദിനിയുടെ അമ്മ ചോദിക്കുന്നു. ഈ നിസഹായതക്ക് ആര് മറുപടി പറയും? കൂടെയുണ്ടാകുമെന്ന് ഉറപ്പ് കൊടുത്ത സര്‍ക്കാരാവട്ടെ പിന്നീട് തിരിഞ്ഞുനോക്കിയിട്ടുമില്ല.