ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മ മെൽഹിക്ക് തിരുവനന്തപുരം കോർപ്പറേഷൻ വാഗ്ദാനം ചെയ്ത വീട് യാഥാർത്ഥ്യമാകുന്നു. തിരുവനന്തപുരം മാരായിമുട്ടത്ത് നിർമിച്ച വീടിൻ്റെ താക്കോൽ തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഇന്ന് ജോയിയുടെ അമ്മയ്ക്ക് കൈമാറും. ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ 5 സെൻ്റ് ഭൂമിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ കൂടി സഹായത്തോടെയാണ് കോർപ്പറേഷൻ വീട് നിർമിച്ചത്.
ജീവിച്ചിരിക്കുമ്പോൾ ജോയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു റോഡരികിൽ അമ്മയ്ക്ക് അടച്ചുറപ്പുള്ള ഒരു വീട്. ആഗ്രഹം പൂർത്തീകരിക്കും മുമ്പേ ജോയി പോയി. പക്ഷെ അമ്മക്ക് നൽകിയ വാഗ്ദാനം തൻറെ മരണത്തിലൂടെ മകൻ യാഥാർത്ഥ്യമാക്കിയിരിക്കുന്നു. അതുതന്നെയാണ് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോഴും മെൽഹി അമ്മയുടെ ദുഃഖം.
5 സെന്റ് ഭൂമിയിൽ രണ്ട് കിടപ്പുമുറിയും അടുക്കളയും, ഹാളും, സിറ്റൗട്ടും ഒക്കെ ചേരുന്നതാണ് തിരുവനന്തപുരം കോർപ്പറേഷൻ നിർമ്മിച്ചു നൽകുന്ന പുതിയ വീട്.