ഗസയിലെ കുഞ്ഞുങ്ങളെ കുറിച്ച് ഡോ. എം.ലീലാവതി പറഞ്ഞ അഭിപ്രായത്തിന് മുന്നിൽ വർഗീയവാദികൾക്ക് പത്തി താഴ്ത്തേണ്ടി വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ലക്ഷം രൂപയും ഫലകവും ഉൾപ്പെടുന്ന ദേശാഭിമാനി സാഹിത്യ പുരസ്കാരം ഡോ. എം.ലീലാവതിക്ക് സമർപിക്കുകയായിരുന്നു മുഖ്യമന്ത്രി.
തലമുറകളുടെ വിടവ് ബാധിക്കാത്ത എഴുത്തുകാരിയെന്ന് പറഞ്ഞാണ് ഗസയിലെ കുട്ടികളെ കുറിച്ച് എം.ലീലാവതി നടത്തിയ പരാമർശങ്ങളിലേക്ക് മുഖ്യമന്ത്രി കടന്നത്. ധീരമായി അഭിപ്രായങ്ങൾ പറഞ്ഞത് ചിലർ വിവാദമാക്കിയെങ്കിലും, ലീലാവതി ടീച്ചര്‍ പറഞ്ഞത് പിൻവലിച്ചില്ല. എം.ലീലാവതിയെ അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫെമിനിസം എന്ന വാക്ക് കേൾക്കുന്നതിന് മുൻപ് ഫെമിനിസ്റ്റായ ആളാണ് എം.ലീലാവതിയെന്ന് എം.മുകുന്ദൻ അഭിപ്രായപ്പെട്ടു. ഡോ.എം.ലീലാവതി സാഹിത്യത്തിലെ ലക്ഷ്മിയാണെന്നും ടീച്ചര്‍ക്ക് പ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരസ്കാരത്തിൽ രണ്ട് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കിയുള്ളത് ചിലരെ സഹായിക്കാനും ഉപയോഗിക്കുമെന്ന് ഡോ.എം.ലീലാവതി വ്യക്തമാക്കി.