കഴിഞ്ഞ ദിവസം ഇടുക്കി കൂട്ടാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ വാൻ ആരും മറന്നുകാണില്ല. പിന്നീട് പുഴയിൽ നിന്ന് വാൻ ഉയർത്തിയെടുത്ത ദൃശ്യങ്ങളും നമ്മൾ കണ്ടു. ഇതോടുകൂടി ഉപജീവനം ഇല്ലാതായത് മൂന്ന് കുടുംബങ്ങൾക്കാണ്. ഇവർക്ക് അതിജീവനത്തിന്റെ പാതയെരുക്കി നൽകിയിരിക്കുകയാണ് മൂന്ന് സുഹൃത്തുക്കൾ.
നെടുങ്കണ്ടം മേഖലയിലുണ്ടായ പ്രളയ സമാനമായ മലവെള്ളപ്പാച്ചിലിന്റെ ഭീകരാവസ്ഥ നാടറിഞ്ഞത് ഈ വൈറൽ വീഡിയോയിലൂടെയാണ്. പ്രളയജലം ഒഴുക്കിക്കൊണ്ടുപോയത് ഒരു കൂട്ടം മനുഷ്യരുടെ ജീവിതമായിരുന്നു. തകർന്ന സ്വപ്നത്തിൻ്റെ ബാക്കിപത്രമെന്നോണം പിന്നീട് ആകെ നശിച്ചനിലയിൽ വാൻ കണ്ടെത്തി.15 ലക്ഷം രൂപ വിലയുള്ള 'വിനായക്' എന്ന 17 സീറ്റുകളുള്ള വാനാണ് ഒഴുക്കിൽപ്പെട്ടത്. തവണ വ്യവസ്ഥയിൽ വാങ്ങിയ ഈ വാഹനത്തിന് ഇനിയും അഞ്ചുലക്ഷം രൂപയോളം തിരിച്ചടയ്ക്കാനുണ്ട്. വാഹനത്തിന്റെ ഉടമയായ കേളംതറയിൽ റെജിക്കൊപ്പം ഡ്രെവർമാരായ സന്തോഷിനും അപ്പുവിനും കൂടിയാണ് ഉപജീവനം ഇല്ലാതായത്. വിവരം അറിഞ്ഞ ഐ ടി ജീവനക്കാരായ സുബിൻ, അഞ്ജലി എന്നീ സുഹൃത്തുക്കളും പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത മറ്റൊരു സുഹൃത്തും ചേർന്നാണ് ഇവർക്ക് പുതിയ വാൻ സമ്മാനിച്ചത്.
വാഹനം വെള്ളത്തിലൂടെ ഒഴുകി പോകുന്നത് കണ്ട് നിലവിൽ ഉണ്ടായിരുന്ന മുഴുവൻ ബുക്കിങ്ങുകളും ഇല്ലാതായി. എല്ലാം അവസാനിച്ചെന്ന് തോന്നിയെടത്ത് നിന്ന് പ്രതീക്ഷയ്ക്ക് വീണ്ടും ചിറകുമുളച്ച സന്തോഷത്തിലാണ് ഡ്രൈവർ സന്തോഷ് . നാളെ മുതൽ ഇവരുടെ വിനായക ട്രാവൽസ് വീണ്ടും സർവീസ് തുടങ്ങുകയാണ്. അതിജീവനത്തിന്റെ സർവീസ്.