പി.എം. ശ്രീയില്‍ എസ്എഫ്‌ഐക്കെതിരെ പരിഹാസവുമായി എഐവൈഎഫ്. എസ്എഫ്‌ഐ മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്, മുണ്ട് മടക്കി കുത്തേണ്ടി വന്നാൽ കാവി കളസം പൊതുജനം കാണുമെന്നാണ് എഐവൈഎഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി എം.ശ്രീജിത്തിന്‍റെ പരിഹാസം.
ഇടതുപക്ഷ നിലപാടുകൾക്കും നയങ്ങൾക്കുമെതിരായിട്ടാണ് പി.എം. ശ്രീയില്‍ ഒപ്പിട്ടത്. ശിവൻകുട്ടിയുടെ പാർട്ടി ജനറൽ സെക്രട്ടറി ഈ വിഷയത്തിൽ നയം വ്യക്തമാക്കിയതാണ്. ജനറൽ സെക്രട്ടറിക്ക് ബോധ്യമായ പ്രശ്‌നം ശിവൻകുട്ടിക്ക് മനസിലാവാത്തതെന്താണെന്നത് സംശയാസ്പദമാണ്. വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസിൻ്റെ തിട്ടൂരം നടപ്പിലാക്കുന്ന നയം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തെ എഐവൈഎഫും, എഐഎസ്എഫും എതിർക്കുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.
അതേ സമയം പി.എം. ശ്രീ വിഷയത്തില്‍ അനുനയ ചര്‍ച്ചകള്‍ സജീവമാക്കുന്നതിനൊപ്പം തന്ത്രപരമായ നീക്കങ്ങളും സിപിഎം ആരംഭിച്ചു. കേന്ദ്രത്തില്‍നിന്നു പണം വാങ്ങിയെടുക്കുന്നതിനൊപ്പം സിപിഐയെ പിണക്കാതെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള സാധ്യതകളാണ് പാര്‍ട്ടി ആലോചിക്കുന്നത്. കരാര്‍ ഒപ്പുവച്ച സാഹചര്യത്തില്‍ ഫണ്ട് ലഭിച്ചു തുടങ്ങും. എന്നാല്‍ പദ്ധതി നടത്തിപ്പ് വൈകിപ്പിച്ച് ആ സമയം കൊണ്ട് എല്‍ഡിഎഫില്‍ വിഷയം ചര്‍ച്ച ചെയ്ത് സിപിഐയെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്.