സ്കൂൾ മീറ്റിൽ സ്പ്രിൻ്റ് ഡബിൾ നേട്ടം കൈവരിച്ച കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിലെ വിദ്യാർത്ഥിനി ദേവനന്ദയ്ക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും വീട് നിർമ്മിച്ചു നൽകുക. വീടിന്‍റെ ദുരവസ്ഥ മനോരമ ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്.
നിർധന കുടുംബാംഗമായ ദേവനന്ദ, രോഗാവസ്ഥയിൽ വേദന കടിച്ചുപിടിച്ചാണ് ജൂനിയർ അത്ലറ്റിക് മീറ്റിൽ 100 മീറ്ററിലും മറ്റ് സ്പ്രിൻ്റ് ഇനങ്ങളിലും സ്വർണ്ണം നേടിയത്. അപ്പന്‍ഡി സൈറ്റിസ് രോഗബാധിതയായിരുന്ന ദേവനന്ദ, സർജറിക്ക് തൊട്ടുമുമ്പുള്ള ദിവസമാണ് ട്രാക്കിൽ ഇറങ്ങിയത്. മത്സരശേഷം ഉടൻ തന്നെ അപ്പൻ്റിസൈറ്റിസിനുള്ള ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജിൽ അഡ്മിറ്റാകാനിരിക്കുകയാണ് ഈ മിടുക്കി.
പേരാമ്പ്ര മമ്മിക്കുളം സ്വദേശിയായ ദേവനന്ദയ്ക്ക് തൻ്റെ മെഡലുകൾ സുക്ഷിക്കാൻ പോലും നല്ലൊരു വീടില്ല. ദ്രവിച്ചുതുടങ്ങിയ ചുവരുകളും ചോർന്നൊലിക്കുന്ന മേൽക്കൂരയിൽ ടാർപ്പാളിൻ വലിച്ചുകെട്ടിയതുമായ വീട്ടിലാണ് ദേവനന്ദയും കുടുംബവും താമസിക്കുന്നത്. അച്ഛൻ ബിജു ബാർബർ ജോലിയാണ് ചെയ്യുന്നത്. പ്ലസ് ടു വിദ്യാർത്ഥിയായ ദേവനന്ദയ്ക്ക് ഹോസ്റ്റൽ ഫീസായി മാസം 5000 രൂപ നൽകേണ്ടതുണ്ട്.
'ഓടാൻ പോയിട്ട് മതി ശസ്ത്രക്രിയ' എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച അമ്മൂമ്മയാണ് ദേവനന്ദയുടെ പ്രധാന ഊർജ്ജം. ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിട്ടും വീട് ലഭിക്കാത്ത സാഹചര്യത്തിലാണ് ദേവനന്ദയുടെ കായിക നേട്ടവും ദുരിത ജീവിതവും വാർത്തയായത്. ഇതേത്തുടർന്നാണ് മെഡലുകൾ സൂക്ഷിക്കാൻ വീടൊരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചത്.