kerala-highcourt

TOPICS COVERED

സ്കൂളിൽ അധ്യാപകർക്ക് ആവശ്യമെങ്കിൽ ചൂരലെടുക്കാമെന്ന് ആവർത്തിച്ച് ഹൈക്കോടതി. വിദ്യാർഥികളെ തിരുത്താനും, അച്ചടക്കമുറപ്പാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ചൂരൽ പ്രയോഗം കുറ്റകരമല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. വിദ്യാർഥിയെ ചൂരൽ ഉപയോഗിച്ച് തല്ലിയതിന് അധ്യാപകനെതിരെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

2019 ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട്ടെ സ്കൂളിൽ തല്ലുകൂടുകയായിരുന്ന വിദ്യാർഥികളെ തടയാനാണ് അധ്യാപകൻ ചൂരൽ പ്രയോഗിച്ചത്. പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് തമ്മിൽ തല്ലുകയും, തുപ്പുകയും ചെയ്തുകൊണ്ടിരുന്ന മൂന്ന് കുട്ടികളെയാണ് അധ്യാപകൻ ഇടപെട്ട് തടഞ്ഞത്. എന്നാൽ അതിൽ ഒരു കുട്ടിയുടെ രക്ഷിതാവ്, മകനെ തല്ലിയതിനെതിരെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വടക്കഞ്ചേരി പൊലീസ് അധ്യാപകനെതിരെ കേസെടുത്തു.

തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതി സമീപിക്കുകയായിരുന്നു. തല്ലുകൂടിയ കുട്ടികളെ പിടിച്ചു മാറ്റുക എന്ന് ഉദ്ദേശം മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂവെന്ന് അധ്യാപകൻ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു. സംഭവം നടന്ന് നാല് ദിവസം വൈകിയാണ് പരാതി ഉയരുന്നതെന്നും കോടതി നിരീക്ഷിച്ചു. കുട്ടിക്ക് വൈദ്യസഹായം വേണ്ടി വന്നിട്ടില്ല. ഇരയ്ക്ക് ശാരീരികമായി പരിക്കേറ്റതായി തെളിയിക്കാന്‍ തെളിവുകളില്ല. അതിനാല്‍, കുട്ടികളെ ചൂരല്‍ ഉപയോഗിച്ച് അടിക്കാന്‍ ഹര്‍ജിക്കാരന്‍ ഏറ്റവും കുറഞ്ഞ ബലപ്രയോഗം മാത്രമേ നടത്തിയിട്ടുള്ളൂ എന്നും ജസ്റ്റിസ് സി.പ്രതീപ് കുമാർ വ്യക്തമാക്കി.

കുട്ടികളെ തിരുത്താനാണ് അധ്യാപകർ ശിക്ഷിക്കുന്നതെങ്കിൽ തെറ്റില്ലെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും കോടതി ചൂണ്ടിക്കാട്ടി. അധ്യാപകൻ്റെ സദുദ്ദേശ്യം രക്ഷിതാക്കൾക്ക് മനസ്സിലാകാത്തതു ദൗർഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, പാലക്കാട് അഡിഷനൽ സെഷൻസ് കോടതിയിലെ കേസ് റദ്ദാക്കി.

ENGLISH SUMMARY:

Corporal punishment is permissible when used by teachers for correction, according to the High Court. The court reiterated that using a cane for discipline is not a criminal act, emphasizing the intent to correct students.