സാമ്പത്തിക ദുര്‍വ്യയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബോർഡിന് ഗുരുതര വീഴ്ചയെന്നാണ് ദേവസ്വം ബെഞ്ചിൻ്റെ വിമർശനം. ദേവസ്വം ബോർഡിന്റെ അക്കൗണ്ടുകൾ ഉടൻ ഡിജിറ്റൈസ് ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിമർശനത്തിന് പിന്നാലെയാണ്, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ ഗുരുതര വീഴ്ചയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി ആഞ്ഞടിച്ചത്. വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2014 - 15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ 10 വര്‍ഷത്തിന് ശേഷവും ക്രമീകരിച്ചിട്ടില്ല. കണക്കുകള്‍ അംഗീകരിച്ചത് ശരിയായ രേഖകളില്ലാതെയെന്നും ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. ചിലവഴിച്ച പണത്തിന് പലതിലും വൗച്ചര്‍ ഇല്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇനിയും ഓഡിറ്റര്‍ക്ക് സ്ഥിരീകരിക്കാനായില്ല. ഡിജിറ്റല്‍ യുഗത്തിലും ദേവസ്വം ബോര്‍ഡ് ഉപയോഗിക്കുന്നത് കടലാസ് റജിസ്റ്ററുകളാണ്. ഇതിന് അല്‍പം പോലും സുതാര്യതയില്ലാത്തതിനാൽ അഴിമതി നടത്താന്‍ വലിയ സാധ്യതയുണ്ട്. അതുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അക്കൗണ്ട് ഡിജിറ്റൈസേഷന്‍ അനിവാര്യമാണ്. ആധുനികവത്കരണത്തിന്റെ വിശദ കര്‍മ്മപദ്ധതി നല്‍കണം. ഈ മാസം 30ന് സംസ്ഥാന ഓഡിറ്റ് ഡയറക്ടര്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെതിരെ മുൻ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിമർശനവും നിർദ്ദേശങ്ങളും.