കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച പ്രദര്‍ശനത്തിലെ ഫ്രഞ്ച് കലാകാരിയുടെ കലാസൃഷ്ടി നശിപ്പിച്ചു. അസഭ്യ പ്രയോഗങ്ങളുണ്ടെന്ന ആക്ഷേപം നേരിട്ട കലാസൃഷ്ടിയാണ് ദര്‍ബാര്‍ ഹാളിലെ പ്രദര്‍ശനത്തിനിടെ നശിപ്പിക്കപ്പെട്ടത്. പ്രതിഷേധത്തിന്‍റെ ഭാഗമായാണ് നശിപ്പിച്ചതെന്നാണ് അവകാശവാദം. കലാസൃഷ്ടി പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയതിന്‍റെ പേരില്‍ അക്കദാമിക്കെതിരെ ഒരുവിഭാഗം രംഗത്തുവന്നിരുന്നു.
ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന അന്യവല്‍കൃത ഭൂമിശാസ്ത്രങ്ങള്‍ എന്ന പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ട കലാസൃഷ്ടിയാണ് നശിപ്പിക്കപ്പെട്ടത്. ഓസ്ലോയില്‍ നിന്നുള്ള ഫ്രഞ്ച് കലാകാരി ഹനാന്‍ ബെനംമാറിന്‍റെ ദ് നോര്‍വീജിയന്‍ ആര്‍ട്ടിസ്റ്റിക് കാനന്‍ എന്ന സൃഷ്ടിയിലെ മലയാളം മൊഴിമാറ്റത്തില്‍ അസഭ്യ പ്രയോഗങ്ങളുണ്ടെന്നാണ് ആക്ഷേപം. കലാകാരനായ ഹോച്ചിമിന്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി കലാസൃഷ്ടി കീറിയെറിഞ്ഞ ദൃശ്യങ്ങള്‍ എം.എല്‍ ജോണി ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.
നോര്‍വേയില്‍ തീവ്രവലതുപക്ഷത്തിന്‍റെ ശക്തമായ വിമര്‍ശനത്തിന് ഹനാന്‍ ഇരയായിരുന്നു. കലാസൃഷ്ടിയുടെ ഉള്ളടക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സൃഷ്ടി സെന്‍സര്‍ ചെയ്യുന്നത് അക്കാദമിയുടെ അധികാരത്തിനു കീഴിലല്ലെന്നും അക്കാദമി ചെയര്‍മാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.