കണ്ണൂരില്‍ തലയുയര്‍ത്തി സിപിഎം ജില്ലാ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം. അത്യാധുനിക സൗകര്യങ്ങളുള്ള അഞ്ചു നില കെട്ടിടമാണ് ശക്തികേന്ദ്രത്തില്‍ പാര്‍ട്ടി കെട്ടിപ്പടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തെങ്കിലും ഏതാനും ജോലികള്‍ തീരാന്‍ ബാക്കിയുണ്ട്.
1973ലാണ് കണ്ണൂരില്‍ സഖാവ് അഴീക്കോടന്‍റെ പേരില്‍ ജില്ലാ കമ്മിറ്റി ഓഫീസ് സ്ഥാപിക്കപ്പെട്ടത്. അന്ന് ഉദ്ഘാടകന്‍ എ.കെ.ജിയും അധ്യക്ഷന്‍ ഇഎംഎസും. ഒരു നൂറ്റാണ്ടിലേറേ പഴക്കമുള്ള ആ കെട്ടിടം ചോര്‍ന്നൊലിച്ച് പല ഭാഗവും തകര്‍ന്നുവീണു തുടങ്ങിയപ്പോഴാണ് മറ്റൊരു ആസ്ഥാന മന്ദിരത്തെ കുറിച്ച് പാര്‍ട്ടി ചിന്തിച്ചത്. അങ്ങനെ അതു പൊളിച്ച് അതേസ്ഥലത്ത് പുതിയത് കെട്ടിപ്പൊക്കി. 2024 ഫെബ്രുവരിയില്‍ നിര്‍മാണം തുടങ്ങി ഒന്നര വര്‍ഷത്തിനു ശേഷം പുതിയ അഴീക്കോടന്‍ സ്മാരക മന്ദിരം തയ്യാറായി. കെട്ടിടത്തിനു ശിലാസ്ഥാപനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കെട്ടിടത്തിന് ഉദ്ഘാടകനായി.
രാജ്യത്ത് സിപിഎമ്മിന് ഏറ്റവുമധികം അംഗബലമുള്ള ജില്ലയായ കണ്ണൂരിലെ പാര്‍ട്ടി ആസ്ഥാനം സൗകര്യങ്ങള്‍ കൊണ്ട് തലസ്ഥാനത്തെ എ.കെ.ജി സെന്‍ററിനോട് കിടപിടിയ്ക്കും. മറ്റൊരു ജില്ലയിലും ഇത്ര സൗകര്യമുള്ള ആസ്ഥാന മന്ദിരം സിപിഎമ്മിനില്ല. പഴയ കെട്ടിടത്തിന്‍റെ അതേ മാതൃകയാണ് പുതിയ മന്ദിരത്തിനും. പൊളിച്ച കെട്ടിടത്തിന്‍റെ തടികള്‍ ഉപയോഗിച്ചാണ് നിര്‍മാണം. അഞ്ചുനില കെട്ടിടത്തില്‍ അഞ്ഞൂറ് പേര്‍ക്ക് ഇരിയ്ക്കാവുന്ന എ.കെ.ജി ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ക്കുള്ള ഹാള്‍, പാട്യം പഠന ഗവേഷണ കേന്ദ്രവും ലൈബ്രറിയും, പ്രസ് കോണ്‍ഫറന്‍സ്, സോഷ്യല്‍ മീഡിയ റൂമുകള്‍ തുടങ്ങിയവയാണ് പ്രത്യേകത.