പരിമിതികളെ മറികടന്ന് വീല്‍ചെയറില്‍ ദൂരങ്ങള്‍ താണ്ടിയുള്ള യാത്രകള്‍ നടത്തുകയാണ് മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ കണ്ണന്‍. കാടാമ്പുഴയില്‍ നിന്ന് വീല്‍ചെയറില്‍ മുകാംബികയിലേക്ക് രണ്ടാം തവണയാണ് കണ്ണന്‍ യാത്ര ചെയ്യുന്നത് . ജീവിതത്തിന്‍റെ പാതിയില്‍ ഉണ്ടായ നഷ്ടങ്ങളെല്ലാം മറന്നാണ് ഈ യുവാവിന്‍റെ യാത്ര
2013 വരെ യാത്ര ചെയ്യാന്‍ കണ്ണന് കാലുകളുണ്ടായിരുന്നു. കോണ്‍ക്രീറ്റ് പണിയായരുന്നു തൊഴില്‍. പണിക്കിടയില്‍ ഉണ്ടായ അപകടം കാലുകളെ ഇല്ലാതാക്കി. കിടന്ന കിടപ്പില്‍ ആറു വര്‍ഷം തള്ളി നീക്കി. ഭാര്യയും നാലു മക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ താളം തെറ്റി.തോറ്റു കൊടുക്കാന്‍ മനസ്സില്ലായിരുന്നു കണ്ണന്. സുമനസ്സുകളായ ഒരുപേട് പേര്‍ ഒപ്പം നിന്നു. വിളയില്‍ സ്കൂളിലെ എന്‍.എസ്.എസ് കോഡിനേറ്ററായ ഷമീറ ടീച്ചറിന്‍റെ നേതൃത്വത്തില്‍ വീട് വെച്ചു നല്‍കി. അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനാണ് കണ്ണന്‍ വീല്‍ ചെയറില്‍ ആദ്യമായി ശബരിമലയ്ക്ക് പോകുന്നത്
വീല്‍ ചെയറില്‍ ഉത്സവപറമ്പുകളില്‍ ബലൂണ്‍ വിറ്റ് ഉപജീവനം കണ്ടെത്തുന്നുണ്ട് കണ്ണന്‍. രണ്ടാം തവണയാണ് മലപ്പുറം കാടാംമ്പുഴ ക്ഷേത്രത്തില്‍ നിന്ന് മുകാംബിക ദേവിയുടെ സന്നിധിയിലേക്ക് യാത്രപോകുന്നത്. ദിവസം 25 കിലോ മീറ്റര്‍ വരെ യാത്ര ചെയ്യും അമ്പലങ്ങളിലും വഴിയോരങ്ങളിലും വിശ്രമിക്കും. ഈ മാസം 16ന് തുടങ്ങിയ യാത്ര ഒരു മാസം കൊണ്ട് മുകാംബികയിലെത്തുമെന്നാണ് പ്രതീക്ഷ. മുന്‍കാല യാത്രകളുടെ അനുഭവങ്ങളാണ് പുതിയ യാത്രയ്ക്ക് കണ്ണന് പ്രചോദനമാകുന്നത്