മലപ്പുറത്ത് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 130 കോടി രൂപ തട്ടിയതില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. മതവിശ്വാസം പ്രതികള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്തുവെന്നും മതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഏജന്‍റുമാരാക്കിയാണ് ശതകോടിയിലേറെ തട്ടിയെടുത്തതെന്നുമാണ് കണ്ടെത്തല്‍. എ.ഡി.ഹൈപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പിന്‍റെ വഴികള്‍ തേടിയുള്ള മനോരമ ന്യൂസ് അന്വേഷണത്തില്‍ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
നിക്ഷേപിക്കുന്ന ഓരോ ലക്ഷം രൂപയ്ക്കും 2500 രൂപ വീതം പ്രതിമാസ ലാഭം തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്തു. പലിശയല്ലെന്നും ലാഭവിഹിതമായാണ് ലഭിക്കുന്നതെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചു. ഗള്‍ഫില്‍ 18 വര്‍ഷം അധ്വാനിച്ചുണ്ടാക്കിയ 10 ലക്ഷം രൂപയാണ് എം.കെ.എ.മൗലവി നിക്ഷേപിച്ചത്.
മതപരമായ വിശ്വാസം ചൂഷണം ചെയ്താണ് സംഘം ലക്ഷങ്ങള്‍ കൈക്കലാക്കിയത്.പലിശയല്ല ലാഭവിഹിതമാണന്ന് വിശ്വസിപ്പിച്ചു.സ്ഥാപനത്തെ നടത്തിപ്പുകാര്‍ തന്നെ സ്വയം തകര്‍ത്തു.കമ്പനി തര്‍ന്നത് അറിയാത്ത പാവങ്ങളും കൈയ്യില്‍ നിന്ന് പിന്നേയും പ്രതിമാസ തവണ പിരിച്ചുകൊണ്ടേയിരുന്നു. ചെമ്മാണിയോട് സ്വദേശി മുഹമ്മദലിയും എടയൂര്‍ സ്വദേശി ഷറഫലിയും ചട്ടിപ്പറമ്പിലെ ഷിഹാബും മേലാറ്റൂരിലെ കൊല്ലാരന്‍ അബ്ദുല്‍ ഗഫൂറുമൊക്കെയായിരുന്നു കോടികള്‍ പിരിച്ച ഏജന്‍റുമാര്‍. സംസ്ഥാനത്തെ പല അറിയപ്പടുന്ന മത നേതാക്കള്‍ക്കും എ.ഡി ഹൈപ്പര്‍മാര്‍ക്കറ്റില്‍ പങ്കാളിത്തമുണ്ടെന്ന് തട്ടിപ്പുകാര്‍ നിക്ഷേപകരെ വിശ്വസിപ്പിച്ചു. പണം നഷ്ടമായപ്പോള്‍ പക്ഷേ കൈമലര്‍ത്തുകയായിരുന്നു. തിരൂര്‍ സ്വദേശഇയായ ജയചന്ദ്രനാണ് തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് നിഗമനം. തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഇയാള്‍ ബെംഗളൂരുവിലേക്ക് മുങ്ങിയിരുന്നു.