കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ അടുത്ത ദിവസം കോൺഗ്രസിൽ ചേർന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വരന്തരപ്പിള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേജുകളിലാണ് ഈ വാര്‍ത്ത ആദ്യം വന്നത്. ‘വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്നും സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന പ്രിയപ്പെട്ട സ്നേഹിതർക്ക്. വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു’ എന്നായിരുന്നു പോസ്റ്റ്. എന്നാൽ ഈ വാര്‍ത്ത വ്യാജമാണെന്നാണ് ബിജെപി പറയുന്നത്.
സുരേഷ് ഗോപിയെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കം നടക്കുന്നുവെന്നും കലുങ്ക് സഭയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് പറയുന്ന ആരും പങ്കെടുത്തില്ലെന്നുമാണ് ബിജെപി ആരോപണം. ബിജെപി തൃശൂര്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിഷയത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഈ മാസം 18ാം തിയ്യതിയാണ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാർഡിൽ കലുങ്ക് സംവാദം നടന്നത്.