കോഴിക്കോട് ബീച്ചിന് ഇനി പുതിയ മുഖം. ഫുഡ് സ്ട്രീറ്റ് നാടിന് സമര്‍പ്പിച്ചതോടെ പഴഞ്ചന്‍ ഉന്തുവണ്ടികള്‍ക്ക് പകരം ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഉന്തുവണ്ടിയിലാകും ഇനിയുള്ള കച്ചവടം. ആദ്യദിനം മിക്ക കടകളിലും സൗജന്യമായാണ് ഭക്ഷണം വിതരണം ചെയ്തത്.
കടലിനോട് ചേര്‍ന്ന് മിന്നുന്ന ലൈറ്റുകളുള്ള ചെറിയ കടകള്‍ക്ക് പകരമാണ് 90 ഉന്തുവണ്ടികള്‍. ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കി ഏകീകൃത രൂപത്തിലാക്കിയിരിക്കുകയാണ് ബീച്ചിലെ തട്ടുകടകളെ. മന്ത്രി എംബി രാജേഷ് ഫുഡ് സ്ട്രീറ്റ് നാടിന് സമര്‍പ്പിച്ച് ചില കാര്യങ്ങള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
ബീച്ചില്‍ ഇനി ഇവിടെ മാത്രമേ ഉന്തുവണ്ടികള്‍ അനുവദിക്കൂ. അതായത് കടപ്പുറത്തെ മറ്റു ഭാഗങ്ങളില്‍ കച്ചവടം ഉണ്ടാകില്ലെന്നര്‍ഥം. ഉപ്പിലിട്ടതും കല്ലുമ്മകായയും ഐസ്ക്രീമുമെല്ലാം ഒരിടത്ത് തന്നെ. ആദ്യദിനം തന്നെ വന്‍ തിരക്കാണ് കടകളില്‍ അനുഭവപ്പെട്ടത്. കനത്ത മഴയൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിലാണ് പരിപാടിക്കായി ജനം ഒഴുകിയെത്തിയത്.