കോഴിക്കോട് സൗത്ത് ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ്, കണ്ണൂര്‍ സ്വദേശി മര്‍വാന്‍ എന്നിവരാണ് മരിച്ചത്.
സൗത്ത് ബീച്ച് റോഡിലെ പെട്രോള്‍ പമ്പിന് സമീപത്ത് പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. എതിര്‍ദിശയില്‍ എത്തിയ ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കുകള്‍ പൂര്‍ണമായി തകര്‍ന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ബൈക്ക് ഓടിച്ചിരുന്നവരാണ് മരിച്ചത്. ഇരു ബൈക്കുകളിലും ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.