മനസൊന്ന് തണുപ്പിക്കാനും വെയില്‍ കായാനും കാറ്റുകൊള്ളാനും ബീച്ചില്‍ ഒത്തുകൂടുന്നത് സാധാരണം. ചിലപ്പോള്‍ കടല്‍ കാറ്റേറ്റ് മയങ്ങുന്നതും പതിവ് കാഴ്ച. പക്ഷേ കോഴിക്കോട് ബീച്ചില്‍ ഇന്നലെ രാവിലെ വ്യായാമത്തിനായും ഫുട്ബോൾ കളിക്കാനുമെത്തിയവര്‍ കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. ബീച്ചിലെ മണലില്‍ കഞ്ചാവ് ഉണക്കാനിട്ട് അതിനൊപ്പം പായ വിരിച്ച് കിടന്നുറങ്ങുന്ന യുവാവ്!
നാട്ടുകാര്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഉടന്‍ വെള്ളയിൽ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസെത്തി ആളെയും പൊക്കി. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഏകദേശം 370 ഗ്രാം കഞ്ചാവാണ് ഉണക്കാനിട്ട നിലയില്‍ പൊലീസ് പിടികൂടിയത്.
പുറത്ത് വന്ന ദൃശ്യങ്ങളില്‍ ഒരു പായ വിരിച്ച് ഉറങ്ങുന്ന യുവാവിനെയും തൊട്ടടുത്ത് ഒരു കടലാസില്‍ ഉണക്കാനിട്ട കഞ്ചാവും കാണാം. നാട്ടുകാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഷൂ എല്ലാം അഴിച്ചുവച്ചായിരുന്നു യുവാവിന്‍റെ മയക്കം. തൊട്ടടുത്ത് വെള്ളക്കുപ്പിയുമുണ്ട്. അതേസമയം ഇയാള്‍ കഞ്ചാവ് ഉപയോഗിച്ചിട്ടാണോ കിടന്നെതെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും എത്തിയ ഉടനെ ആളെ പൊലീസ് തിരിച്ചറിഞ്ഞു. മുൻപും കഞ്ചാവ് കൈവശം വച്ചതിന് റാഫി പിടിയിലായിട്ടുണ്ട്. റാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.