തുലാമാസം പിറന്നതോടെ ഉത്തര മലബാറിൽ ഇനി തെയ്യക്കാലമാണ്. ഇടവപ്പാതിയില്‍ മറഞ്ഞ തെയ്യക്കോലങ്ങള്‍ മനുഷ്യന്‍റെ സങ്കടങ്ങള്‍ക്കും ആവലാതികള്‍ക്കും മേലെ വീണ്ടും അനുഗ്രഹങ്ങൾ ചൊരിഞ്ഞുതുടങ്ങുന്ന കാലം. കാസർകോട് ചെറുവത്തൂർ തിമിരി വയലിൽ തെയ്യം എത്തി വയലിൽ വിത്തിട്ട് തെയ്യക്കാലത്തിന് തുടക്കം കുറിച്ചു.
വടക്കൻ കേരളത്തിൽ ഒരു തെയ്യാട്ടക്കാലത്തിന് കൂടി അരങ്ങുണരുകയായി. തുലാപ്പത്തിനാണ് തെയ്യക്കാവുകൾ ഉണരുന്നതെങ്കിൽ, തുലാം ഒന്നിനു തന്നെ ചെറുവത്തൂർ തിമിരി വയലിൽ തെയ്യം എത്തി വയലിൽ വിത്തിടും. തെയ്യം വിത്തെറിഞ്ഞ ശേഷമാണ് ഇവിടെ കർഷകർ പാടത്തിറങ്ങുന്നത്.
ദേശാധിപതിയായ മടയിൽ ചാമുണ്ഡേശ്വരി കർഷകരുടേയും കന്നുകാലികളുടേയും കാത്തുരക്ഷിക്കാനുള്ള ചുമതല വലിയവളപ്പിൽ ചാമുണ്ഡിക്ക് നൽകി എന്ന വിശ്വാസമാണ് സവിശേഷമായ ഈ ചടങ്ങിന് പിന്നിലുള്ളത്. മേടത്തിലും തുലാവത്തിലും വലിയവളപ്പില്‍ കാവിൽ തെയ്യം കെട്ട് നടക്കും. തുലാം ഒന്നിന് വയലില്‍ വിത്ത് വിതയ്ക്കുന്നതാണ് പ്രധാന ചടങ്ങ്. ജന്മി- നാടുവാഴിച്ച കാലത്ത് താഴക്കാട്ട് മന ദാനമായി നല്‍കിയതാണ് വലിയവളപ്പില്‍ ചാമുണ്ഡിയുടെ ഭൂമിയും കൃഷിയിടവും. വയലിൽ വിത്തിട്ട ശേഷം തെയ്യം പഴയ ജന്മിതറവാടുകളായ താഴക്കാട്ട് മനയും പൂവളപ്പും സന്ദർശിച്ച് ദേശസഞ്ചാരം നടത്തും. കുരുത്തോല കൊണ്ടുള്ള തിരുമുടിയും അരയൊടയും ചെമ്പട്ടു മണിഞ്ഞ തെയ്യം പഴയ ഗോത്ര പാരമ്പര്യവഴിയിലാണ് സഞ്ചാരം നടത്തുന്നത്. തുടർന്ന് കാലിച്ചാന്‍ തെയ്യവും അരങ്ങിലെത്തി.