ഇടുക്കി ഏലപ്പാറയിലെ ബോണാമി ഗ്രാമത്തില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഐ.എഎസ്. ഉദ്യോഗസ്ഥനായി മാറിയ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ്.
കര്‍ഷകനായ അച്ഛന്‍റേയും അംഗന്‍വാടി ടീച്ചറായ അമ്മയുടേയും മകന്‍. തേയില ചാക്കുകള്‍ ചുമന്നും വണ്ടിയോടിച്ചും വീട്ടിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇറങ്ങി തിരിച്ച ധീരനായ മകന്‍. ബിടെക്കിനു ശേഷം ഐ.ടി ഉദ്യോഗസ്ഥനായി മികച്ച ശമ്പളം പറ്റുമ്പോഴാണ് രാജിവച്ചത്. അതും സിവില്‍ സര്‍വീസെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍.
അര്‍ജുന്‍ പാണ്ഡ്യനിലെ പഴയ വിദ്യാര്‍ഥി ഇന്നു സന്തുഷ്ടനാണോ?
നമ്മളെല്ലാവരും എല്ലായ്പ്പോഴും വിദ്യാര്‍ഥികളാണ്. ഓരോന്നും പുതിയതായി പഠിക്കുന്നു. ലോക വിദ്യാര്‍ഥി ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍.
ആരൊക്കെയാണ് ജീവിതത്തില്‍ വഴികാട്ടിയവര്‍ ?
ഒരുപാട് പേരുണ്ട്. അച്ഛനും അമ്മയും തന്ന പിന്തുണയാണ് ഏറ്റവും വലുത്. നല്ലൊരു ജോലി ഉപേക്ഷിച്ച് സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛനും അമ്മയും കൂടെ നിന്നു. അതാണ് , വിശ്വാസം. അതു നല്‍കിയ ഊര്‍ജം വലുതാണ്. വീട്ടില്‍ സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നു. ജോലിയില്‍ നിന്നുള്ള വേതനം ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യം. എന്നിട്ടും അച്ഛനും അമ്മയും എന്‍റെ തീരുമാനത്തെ പിന്തുണച്ചു. സുഹൃത്തുക്കള്‍, അധ്യാപകര്‍ , മെന്‍റേഴ്സ് അങ്ങനെ വഴികാട്ടിയവരുടെ പട്ടിക വലുതാണ്. ജീവിതത്തില്‍ എന്തു ചെയ്യുമ്പോഴും ആത്മാര്‍ഥമായി ചെയ്യണം. റിസല്‍ട്ടുണ്ടാകും. വെല്ലുവിളികള്‍ വാശിയായി എടുക്കണം. മറ്റുള്ളവര്‍ പറ്റില്ലെന്ന് പറയും. പക്ഷേ, വാശിയില്‍ ചെയ്യണം. നീതി പാലിച്ച്.
ജോലി രാജിവച്ച് സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ പലര്‍ക്കും മടി കാണും?. അത്തരക്കാരോട് പറയാനുള്ളത് എന്താണ്?
നമ്മുക്കെല്ലാവര്‍ക്കും ഒരു കംഫര്‍ട്ട് സോണ്‍ ഉണ്ട്. അതില്‍ നിന്ന് പുറത്തു കടക്കണം. തുടക്കം കിട്ടിയാല്‍ മതി. ഉചിതമായ സമയത്ത് തീരുമാനമെടുക്കുക. സിവില്‍ സര്‍വീസില്‍ കയറാന്‍ ഏറെ ബുദ്ധിമുട്ടണം. മറ്റെന്ത് ജോലി ആയാലും അതു വേണ്ടി വരും. തുടക്കത്തില്‍തന്നെ ഇഷ്ടപ്പെട്ട ജോലി ചെയ്യാന്‍ കഴിയില്ല. ഈ സന്ദര്‍ഭത്തിലെ പ്രതിസന്ധികള്‍ നല്ലൊരു അനുഭവമായി കരുതാന്‍ പഠിക്കണം. ഒട്ടേറെ വഴികളുണ്ടാകും. അത് ഉചിതമായ സമയത്ത് കണ്ടെത്തലാണ് വേണ്ടത്.
ഐ.ടി. ഉദ്യോഗം ഉപേക്ഷിക്കാന്‍ കാരണം?
ബീ ടെക് കഴിഞ്ഞ് എം ടെക് ചെയ്യാനായിരുന്നു താല്‍പര്യം. സുഹൃത്തുക്കള്‍ പലരും സര്‍ക്കാര്‍ ജോലിയ്ക്കായി പരിശ്രമിച്ചിരുന്നു. സിവില്‍ സര്‍വീസ് എങ്ങനെയാണ് മനസില്‍ കയറിപ്പറ്റിയതെന്ന് ഓര്‍മയില്ല. സിവില്‍ സര്‍വീസ് പരീക്ഷ ഉന്നമിടുന്നവര്‍ പ്ലസ്ടുവില്‍തന്നെ ഹ്യുമാനിറ്റീസ് പഠിക്കും. ഞാന്‍ പക്ഷേ അങ്ങനെയല്ലായിരുന്നു. ബീ ടെക്കിനു ശേഷം ഫ്രഷ് ആയിട്ടാണ് തുടങ്ങിയത്. ആദ്യ ശ്രമത്തില്‍ കിട്ടിയില്ല. പക്ഷേ, പിഴവുകള്‍ മനസിലായി. രണ്ടാം ശ്രമത്തില്‍ അതു തിരുത്തി. വലിയൊരു ടാസ്ക്കാണ് സിവില്‍ സര്‍വീസ് പരീക്ഷ.
അടുത്ത ലക്ഷ്യം എന്താണ്?
സിവില്‍ സര്‍വീസ് പരിശീലനക്കാലത്ത് ട്രക്കിങ് നടത്തിയിരുന്നു. അതിനു ശേഷം കായിക പരിശീലനത്തില്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങി. ഫിറ്റ്നസില്‍ ഏറ്റെ ശ്രദ്ധിക്കുന്നു. റണ്ണിങ്, സൈക്ലിങ് അങ്ങനെ പലതും. ആത്മവിശ്വാസം കൂട്ടുന്നുണ്ട് ഇതെല്ലാം.
പാഠപുസ്തകം അടച്ചു?
സിവില്‍ സര്‍വീസില്‍ കയറുന്നതു വരെ പഠനംതന്നെയായിരുന്നല്ലോ. അന്നത്തെ പോലെ പുസ്തകങ്ങള്‍ വായിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ല. വിജ്ഞാനശേഖരം ഇനിയും കൂട്ടണം.
പാലിയേക്കരയിലെ ടോള്‍ നിര്‍ത്തല്‍, തുടര്‍ച്ചയായി നിയമപോരാട്ടം? ഈ വഴിയില്‍ എന്തൊക്കെയായിരുന്നു തടസങ്ങള്‍?
അടിപ്പാതകളുടെ നിര്‍മാണത്തില്‍ വേണ്ടത്ര മുന്നൊരുക്കം ഉണ്ടായില്ല .അരലക്ഷം വാഹനങ്ങള്‍ കടന്നുപോകുന്നിടത്ത് സര്‍വീസ് റോഡുകളുടെ അവസ്ഥ ശ്രദ്ധിക്കേണ്ടതായിരുന്നു. പലതവണ പറഞ്ഞിട്ടും ചെയ്യാതെ വന്നപ്പോഴായിരുന്നു ടോള്‍ പിരിവ് ഇരുപത്തിരണ്ടു മണിക്കൂര്‍ നേരത്തേയ്ക്കു നിര്‍ത്തിയത്. പിന്നീട്, കോടതിയില്‍ കൃത്യമായ റിപ്പോര്‍ട്ടുകള്‍ നല്‍കി. ദേശീയപാതയിലെ അവസ്ഥ അപ്പപ്പോള്‍തന്നെ കോടതിയെ ധരിപ്പിക്കുന്നുണ്ട്.
ടോള്‍ പിരിവ് പുനസ്ഥാപിക്കാനുള്ള സാഹചര്യമുണ്ടോ?
ഇപ്പോഴും ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഈ പ്രയാസങ്ങള്‍ സഹിച്ച് ടോള്‍ കൊടുക്കണോ?. കോടതി തീരുമാനിക്കട്ടെ.
എങ്ങനെയുണ്ട് തൃശൂരും നാട്ടുകാരും?
അടിപൊളിയാണ് തൃശൂര്‍. ആഘോഷം തന്നെയാണ് പ്രധാനം. തൃശൂര്‍ പൂരം ഭംഗിയായി നടത്തി. മറ്റു ആഘോഷങ്ങളും നടത്തി. ആഘോഷ കമ്മിറ്റിക്കാര്‍ എല്ലാം നടത്തിക്കൊള്ളും. നിയമപരമായ പിന്തുണ നല്‍കിയാല്‍ മതി.
കഴിഞ്ഞ ഒന്നേക്കാല്‍ വര്‍ഷമായി തൃശൂര്‍ ജില്ലാ കലക്ടറാണ് അര്‍ജുന്‍ പാണ്ഡ്യന്‍. മഴക്കാലത്ത് കാലാവസ്ഥ നോക്കി അവധി നല്‍കാന്‍ മടിയില്ല. പക്ഷേ, അവധി ദിവസം ആഘോഷമായി പുറത്തു കറങ്ങി നടക്കരുതെന്ന് കലക്ടര്‍ ഉപദേശിക്കാറുണ്ട്. കലക്ടറുടെ കസേരയിലും സാധാരണക്കാരന്‍റെ മനസുമായി ഇരിക്കുന്ന അര്‍ജുന്‍ പാണ്ഡ്യന്‍ നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്.