ജീവിതത്തിൽ ആദ്യമായി ജനപ്രതിനിധി ആയതിന്റെ സർട്ടിഫിക്കറ്റ് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയിൽ നിന്ന് ഏറ്റുവാങ്ങിയ വിവരം ഫെയ്സ് ബുക്കില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോണ്‍. ഒപ്പം വിജയിച്ചു കയറിയ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. അൽഫോൻസ ഡേവിസ്, മാത്യൂസ് വർക്കി, അഹല്യ സദാനന്ദൻ എന്നിവരൊടൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
പണ്ട് ആലുവ യു സി കോളേജിലേക്ക് പടികയറിയപ്പോഴും മണിക്കൂറുകളോളം ലൈബ്രറിയിൽ പുസ്തകങ്ങൾ വായിച്ചിരിക്കുമ്പോഴും രാത്രി പകലാക്കി പഠിച്ചിരുന്നപ്പോഴും സ്വപ്നം കണ്ട ഐഎഎസ് മോഹം പല കാരണങ്ങൾ കൊണ്ട് വഴിയിലുപേക്ഷിച്ചപ്പോൾ, അല്പമൊന്ന് ഉള്ള് പിടഞ്ഞിരുന്നു. എങ്കിലും അന്ന് പാതിവഴിയിൽ ഉപേക്ഷിച്ചതിനേക്കാൾ ആഴത്തിലും പരപ്പിലും മനുഷ്യരോട് ചേർന്നു നിൽക്കാൻ പാകത്തിനൊരിടം എന്റെ കോൺഗ്രസ് ആണെന്ന് കാലം തിരുത്തി തന്നുവെന്ന് അദ്ദേഹം കുറിച്ചു.
'ഇന്നിപ്പോൾ ഞാൻ വളർന്നതാണോ എന്നറിയില്ല, എന്റെ ബോധ്യങ്ങൾ കുറേക്കൂടി ഉറപ്പാക്കപ്പെടുന്നു. കോൺഗ്രസ്സിനോളം വലിയൊരു ജനസേവന പാതയില്ല ഇന്നെന്റെ ഇന്ത്യയിൽ. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്നതിനേക്കാൾ വലിയ ഉത്തരവാദിത്തമാണ് ഒരു ജനപ്രതിനിധി എന്നത് തിരിച്ചറിയുന്നു. എല്ലാവർക്കും തുല്യയിടമുള്ള കോൺഗ്രസ് തന്നെയായിരിക്കും ഇനിയുമങ്ങോട്ടും ഞാൻ. എന്റെ കോൺഗ്രസ് ബോധ്യത്തിൽ എന്നെ എതിർക്കുന്നവർക്ക് കൂടി ഇടമുണ്ട്. ജില്ലയിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം എന്നത് ഏറ്റവും കൂടിയ ഉത്തരവാദിത്തം എന്ന് കൂടിയാണ് ഞാൻ മനസ്സിലാക്കുന്നത്. വാക്കിലും വഴിയിൽ ഇടറാതെ നോക്കും. തെറ്റ് പറ്റിയാല്‍ നന്മകൾ കൊണ്ട് തിരുത്താന്‍ നിങ്ങള്‍ മടിക്കരുത്.
വിശ്വസിച്ച വോട്ടർമാർ, എന്റെ കുടുംബാംഗങ്ങൾ, അത്രമേൽ അടുത്ത സുഹൃത്തുക്കൾ, സുഹൃത്തുക്കൾ, പരിചയക്കാർ, കൈപിടിച്ചവർ, നേതാക്കൾ, സഹപ്രവർത്തകർ, അക്ഷരം പകർന്ന അധ്യാപകർ, നന്മകൾ ആഗ്രഹിച്ചവർ, സഹായിച്ചവർ, കൂടെ നിന്നവർ, കടം തന്നവർ, പ്രാർത്ഥനയിൽ ഓർത്തവർ, വിമർശിച്ച് വളർത്തിയവർ, എതിർത്ത് കരുത്ത് കൂട്ടിയവർ തുടങ്ങി കടന്നുവന്ന വഴികളിലെ ഓരോ വിളക്കുമരങ്ങളും മനുഷ്യരും വായിച്ച പുസ്തകങ്ങളുടെ എഴുത്തുകാരും എല്ലാവരും ചേർന്നതാണ് എന്റെ ഈ സർട്ടിഫിക്കറ്റ്. എന്റെ കോൺഗ്രസ് പ്രവർത്തകരുടെ വിയർപ്പിന്റെ വിലയും തൊണ്ട പൊട്ടിയുള്ള മുദ്രാവാക്യത്തിന്റെ മാറ്റൊലിയുമാണ് ഇത്'.
എല്ലാം ഓർമ്മയുണ്ടാകും എന്നും എന്ന വാക്കോടെയാണ് ജിന്‍റോ വൈകാരികമായ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.