Image Credit : Facebook
നായകന്‍റെയും നായികയുടെയും പ്രായവ്യത്യാസം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബോളിവുഡ് ചിത്രമാണ് ധുരന്ദര്‍. രണ്‍വീര്‍ സിങ്ങും സാറ അര്‍ജുനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യ ധര്‍ ആണ്. ചിത്രത്തിന്‍റെ പ്രഖ്യാപനഘട്ടം മുതല്‍ ഉയര്‍ന്നുവന്ന ഏറ്റവും വലിയ വിമര്‍ശനം 40കാരന് 20കാരി നായികയായെത്തുന്നത് ശരിയല്ല എന്നതായിരുന്നു. ഈ പ്രായവ്യത്യാസം ചിത്രത്തെ സാരമായി ബാധിക്കുമെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ റെക്കോര്‍ഡ് കലക്ഷനുമായി ചിത്രം തിയറ്ററില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഈ ഘട്ടത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ കാസ്റ്റിങ് ഡയറക്ടര്‍ മുകേഷ് ഛബ്ര.
ധുരന്ദറില്‍ നായകനും നായികയും തമ്മില്‍ 20 വയസിന്‍റെ വ്യത്യാസം അനിവാര്യമായിരുന്നെന്ന് മുകേഷ് ഛബ്ര പറയുന്നു. മുകേഷിന്‍റെ വാക്കുകള്‍ ഇങ്ങനെ. 'കഥാപാത്രത്തെക്കുറിച്ച് തനിക്ക് വളരെ വ്യക്തമായ നിർദേശം ലഭിച്ചിരുന്നു. യാലിന ജമാലി എന്ന 20കാരിയെ കെണിയില്‍പ്പെടുത്താന്‍ രണ്‍വീറിന്‍റെ കഥാപാത്രം ശ്രമിക്കുന്നതാണ് ധുരന്ദറിന്‍റെ കഥ. അതുകൊണ്ടുതന്നെ നായികയായി അഭിനയിപ്പിക്കാന്‍ 20–21 വയസുപ്രായം തോന്നിപ്പിക്കുന്ന ഒരു പെണ്‍കുട്ടി അനിവാര്യമായിരുന്നു. പ്രായവ്യത്യാസത്തെ കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുമ്പോള്‍ മറുപടി ലഭിക്കും' മുകേഷ് ഛബ്ര പറയുന്നു.
രണ്‍വീറിന്‍റെയും സാറയുടെയും പ്രായത്തെക്കുറിച്ച് വന്ന വാര്‍ത്തകള്‍ കണ്ടപ്പോള്‍ ചിരിവന്നെന്നും മുകേഷ് വെളിപ്പെടുത്തി. '26–27 പ്രായം വരുന്ന മികച്ച അഭിനേതാക്കളില്ലാഞ്ഞിട്ടല്ല, ഈ പ്രായവ്യത്യാസം ധുന്ദറില്‍ അനിവാര്യമായിരുന്നു. എല്ലാം എല്ലാവരോടും വിശദീകരിക്കാന്‍ കഴിയില്ല. ചിത്രത്തിന്‍റെ രണ്ടാം ഭാഗം കാണുമ്പോള്‍ അതെല്ലാവര്‍ക്കും മനസിലാകും' മുകേഷ് പറഞ്ഞു. ഫ്രീ പ്രസ് ജേണലിന് നൽകിയ അഭിമുഖത്തിലായിരുന്നു മുകേഷിന്‍റെ വെളിപ്പെടുത്തല്‍.
250 കോടി മുതല്‍മുടക്കില്‍ റിലീസ് ചെയ്ത് ധുരന്ദര്‍ ആഗോളതലത്തില്‍ ഇതിനോടകം 500 കോടി നേടിക്കഴിഞ്ഞു. വിമര്‍ശനങ്ങളെയെല്ലാം അപ്പാടെ കാറ്റില്‍പ്പറത്തി പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുകയാണ് ധുരന്ദര്‍.