ഭിന്നശേഷി സംവരണത്തിൽ സർക്കാരിൽ സമ്മർദം ശക്തമാക്കി ക്രൈസ്തവസഭകൾ. തിരുവനന്തപുരത്ത് യോഗം ചേർന്നത് നല്ലതാണെങ്കിലും സർക്കാർ ഉത്തരവ് ഇറക്കി ആശങ്ക പരിഹരിക്കണമെന്ന് കോട്ടയം പാലായിൽ ചേർന്ന ക്രൈസ്തവസഭയുടെ യോഗം ആവശ്യപ്പെട്ടു. ഇനിയെത്ര നാൾ സുപ്രീംകോടതിയിൽ കയറിയിറങ്ങണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവ ചോദിച്ചു. സർക്കാരിൻ്റേത് നീതി നിഷേധമാണെന്ന് ഫാദർ ടോം ഓലിക്കരോട്ട് കുറ്റപ്പെടുത്തി.
ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായി ലഭിച്ച വിധി പ്രകാരം സർക്കാർ എന്തുകൊണ്ട് ഉത്തരവിറക്കുന്നില്ല. ഇപ്പോഴും ആശങ്കയുണ്ടെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി ക്രൈസ്തവ സഭ സ്ഥാപനങ്ങൾക്ക് നേരെ അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ട്. ഇത് ഗൗരവമായി കാണുന്നു. പള്ളുരുത്തി സ്കൂളിലെ വിഷയം വിശദമായി പഠിക്കുമെന്ന് ബിഷപ്പുമാർ പറഞ്ഞു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തിലെ വിവിധ ക്രൈസ്തവസഭകളിലെ ഒൻപത് ബിഷപ്പുമാരും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികളുമാണ് പങ്കെടുത്തത്.