ശബരിമലയിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് നടന്നത് വ്യാപക ക്രമക്കേട് ആണെന്നാണ് ഹൈക്കോടതി കണ്ടെത്തുന്നത്. ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളിയിൽ മാത്രമല്ല തിരിമറി നടന്നത്. ശ്രീകോവിലിന്റെ കട്ടിളയുടെ പാളികളിൽ സ്വർണം പൂശിയതിലും വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വ്യക്തമായത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഉണ്ണികൃഷ്ണൻ പോറ്റി തന്നെയാണ് സ്വർണക്കർച്ചയ്ക്ക് പിന്നിലെന്ന് ദേവസം വിജിലൻസിന്റെ അന്വേഷണത്തിലും വ്യക്തമായി. സ്വർണം പൂശി നൽകിയ സ്മാർട്ട് ക്രിയേഷൻസും സംശയനിഴലിലാണ്.
2019 ഫെബ്രുവരി 16ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ദേവസ്വം കമ്മീഷണർക്ക് അയച്ച കത്തിലൂടെയാണ് വൻ തട്ടിപ്പിന് തുടക്കമാകുന്നത്. ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ വീണ്ടും സ്വർണം പൂശണമെന്നും, അതിനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്നുമാണ് കത്തിൽ ഉണ്ടായിരുന്നത്. ഇതിന്‍റെ തുടർച്ചയായി മാർച്ച് ആറിന് ദേവസ്വം കമ്മീഷണർ ബോർഡിന് അയച്ച കത്തിൽ കട്ടിള പാളികൾ പോറ്റിക്ക് കൈമാറണമെന്ന് അഭ്യർഥിച്ചു. എന്നാൽ ഈ കത്തിൽ ചെമ്പുപാളികൾ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ദേവസ്വം കമ്മീഷണറുടെ അപേക്ഷ അംഗീകരിച്ച ബോർഡ് 2019 മെയ് 20 ന് സ്വർണം പൊതിഞ്ഞ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ അനുമതി നൽകി. ഈ അനുമതിയിലും രേഖപ്പെടുത്തിയിട്ടുള്ളത് ചെമ്പുപാളികൾ എന്നാണ്. ഗുരുതരമായി വ്യത്യാസമെന്നാണ് ഇതിനെ ഹൈക്കോടതി വിശേഷിപ്പിക്കുന്നത്. 2019 മേയ് 18 ന് തയാറാക്കിയ മഹസറിൽ ഒപ്പു വച്ചിട്ടുള്ളത് തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി, വാച്ചർ എസ്.ജയകുമാർ, ഗാർഡ് പി.ജെ.രജീഷ്, എ.ഇ കെ.സുലിൻ കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.മുരാരി ബാബു, എച്ച്.എ ആർ.ശങ്കരനാരായണൻ, സ്മിത്ത് വി.എം.കുമാർ, എൽഡിസി സി.ആർ.ബിജുമോൻ, എഇഒ ഡി.ജയകുമാർ എന്നിവരാണ്. ചെമ്പുപാളികൾ എന്നാണ് ഈ മഹസറിലും രേഖപ്പെടുത്തിയിട്ടുള്ളത്.
ശ്രീകോവിലിന്റെ വാതിലിന്റെ വശങ്ങളിലേതടക്കം സ്വർണ പൊതിഞ്ഞ 7 പാളികളാണ് ഉണ്ണികൃഷ്ണൻ പോറ്റി 2019 ജൂണിൽ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. ഈ പാളികളിൽ നിന്നും സ്വർണ്ണം വേർതിരിക്കാനുള്ള സാങ്കേതികവിദ്യ ഇല്ലെന്നാണ് സ്മാർട് ക്രിയേഷൻസ് ആദ്യം അറിയിച്ചത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർബന്ധപ്രകാരം തീരുമാനം മാറ്റി. രാസലായനി ഉപയോഗിച്ച് പാളികളിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തു. 409 ഗ്രാം സ്വർണമാണ് കട്ടിള പാളികളിൽ നിന്നും വേർതിരിച്ചെടുത്തത്. ഈ പാളികളിൽ സ്വർണം പൂശാൻ ഗോവർദ്ധൻ എന്ന സ്പോൺസർ 186.587 ഗ്രാം സ്വർണം നൽകി. 184 ഗ്രാം സ്വർണ്ണം പാളികളിൽ പൂശിയ ശേഷം ബാക്കി തിരികെ നൽകി. അതായത് വേർതിരിച്ചെടുത്ത 409 ഗ്രാം സ്വർണ്ണം ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്ന് വ്യക്തം.
2019 ഓഗസ്റ്റിലാണ് ദ്വാരപാലകശിൽപങ്ങളുടെ സ്വർണ്ണം പൊതിഞ്ഞ 14 പാളികളുമായി ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും സ്മാർട്ട് ക്രിയേഷൻസിൽ എത്തിയത്. പോറ്റിയുടെ നിർബന്ധപ്രകാരം ഈ പാളികളിൽ നിന്നും സ്മാർട്ട് ക്രിയേഷൻസ് സ്വർണം വേർതിരിച്ചെടുത്തു. ലഭിച്ചത് 393.9 ഗ്രാം. മറ്റ് സാമഗ്രികളിൽ നിന്നും വേർതിരിച്ചെടുത്തത് 9.9 ഗ്രാം സ്വർണം. ഇതോടൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി മൂന്ന് ഗ്രാം സ്വർണം കൂടി നൽകി. ഇതോടൊപ്പം കട്ടിളപ്പാളിയിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണ്ണം കൂടിച്ചേരുമ്പോൾ ആകെ 989 ഗ്രാം സ്വർണമാണ് സ്മാർട്ട് ക്രിയേഷൻസിന്റെ കൈവശം ഉണ്ടായിരുന്നത്.
ചെമ്പുപാളികൾ വൃത്തിയാക്കിയ ശേഷം സ്വർണം തന്നയാളുടേയും ക്ഷേത്രം അധികൃരുടേയും സാന്നിധ്യത്തിൽ സ്വർണം പൂശുകയും 2019 സെപ്റ്റംബർ നാലിന് ഉണ്ണികൃഷ്ണൻ പോറ്റിയെ ഇവ ഏൽപ്പിക്കുകയും ചെയ്തു. ദ്വാരപാലക ശിൽപങ്ങളിൽ പൂശിയത് 394.9 ഗ്രാം ഉൾപ്പെടെ 408.8 ഗ്രാം സ്വർണമാണ് ആകെ പൂശാനായി ഉപയോഗിച്ചത്. പ്രതിഫലമായി 109.243 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസും എടുത്തു. ബാക്കി 474.9 ഗ്രാം പോറ്റിയുടെ പ്രതിനിധിയായി എത്തിയ കൽപേഷ് എന്നയാൾക്ക് കൈമാറി. ഈ സ്വർണം ദേവസ്വത്തിൽ തിരികെ എത്തിയില്ല എന്നാണ് രേഖകൾ പരിശോധിച്ച് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ്, നടന്നത് ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി വിലയിരുത്തിയതും, സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതും.
ആറാഴ്ചയ്ക്കകം പ്രത്യേക സംഘം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി പ്രത്യേകസംഘം നേരിട്ട് ഹൈക്കോടതിയെ അറിയിക്കണം. അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്നും കർശന നിർദ്ദേശമുണ്ട്. എന്തായാലും, അന്വേഷണത്തിൽ സ്വർണ്ണം കട്ടവരും, കൂട്ടുനിന്നവരും ആരൊക്കെയെന്ന സത്യം തെളിയട്ടെ എന്നാണ് ഹൈക്കോടതി പറഞ്ഞു വയ്ക്കുന്നത്.