തീരാ പട്ടിണിയും തോരാ ദുരിതങ്ങളും കാരണം മക്കളെ നെയ്യാറിലെറിഞ്ഞ് കൊല്ലാനിറങ്ങിയ ഒരമ്മയെ ജീവിതം തിരികെ വിളിച്ചൊരു കഥയാണ് ഇനി. ജീവിത പ്രതിസന്ധികളുടെ പരിഹാരം സ്വയം ജീവനെടുക്കുന്നതാണെന്ന് കരുതുന്നവര്‍ ഈ അമ്മയുേടേയും മക്കളുടേയും ജീവിതപ്പോരാട്ടം അറിയണം. ജീവിച്ച് കാണിക്കണം.
നെയ്യാറിന്‍റെ ആഴങ്ങളിലേയ്ക്ക് നോക്കി നില്‍ക്കുമ്പോള്‍ സുമയുടെ കണ്ണില്‍ മരണത്തിനും ജീവിതത്തിനും ഇടയിലെ 37 കൊല്ലങ്ങള്‍ മിന്നിമറയുന്നുണ്ട്. മൂന്നു മക്കളേയും നെഞ്ചോട് ചേര്‍ത്ത് നെയ്യാറിലേയ്ക്ക് ഇറങ്ങി നടന്ന ദിവസമാണ് ഓര്‍മകളില്‍...നെയ്യാര്‍ ഡാമിന്‍റെ തീരത്തെ കൂരയില്‍ അച്ഛനുപേക്ഷിച്ച മക്കളുമായി ജീവിതത്തോണി തുഴയാന്‍ പാടുപെട്ടൊരു അമ്മയായിരുന്നു സുമയന്ന്. മക്കളെ നെയ്യാറിനു കൊടുത്ത് സമീപത്തെ മരുതില്‍ തൂങ്ങിമരിക്കാനായിരുന്നു തീരുമാനം.
കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഒാടിക്കൂടി. മുടിയില്‍ പിടിച്ച് വലിച്ച് കരയ്ക്കു കയറ്റി.ആരുമില്ലാത്ത അമ്മയ്ക്കും മക്കള്‍ക്കും കാവലായി അവിടെക്കൂടിയവര്‍ അവരുടെ നൊമ്പരം കേട്ട് മറന്ന് കടന്ന് പോയില്ല. ജീവിക്കാന്‍ വഴികാട്ടിത്തരാമെന്ന് വാക്കുകൊടുത്തു. മക്കളെ അനാഥാലയത്തില്‍ ആക്കാന്‍ സഹായിച്ചു. നെയ്യാര്‍ നീന്തിക്കടന്ന് കാട്ടില്‍പോയി വിറക് ശേഖരിച്ചും റബര്‍ വെട്ടിയും കൂലിപണിയെടുത്തും കിട്ടുന്നത് കൂട്ടി വച്ച് അമ്മ മക്കളെ കാണാന്‍ പോയി. പുട്ടു തിന്നാന്‍ കൊതി പറഞ്ഞ മക്കളോട് പുട്ടുകുറ്റിയിലെ പാമ്പ് തന്നെ കടിച്ച കളളക്കഥ പറഞ്ഞ അമ്മയുടെ മകന്‍ ഇന്ന് മലയാളമറിയുന്ന കഥാകൃത്താണ്. കുന്നംകുളം മരത്തംകോട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ കൂടിയായ കെ എസ് രതീഷ്.
അങ്ങനെ ജീവിതം നീട്ടിയ വൈക്കോല്‍ തുരുമ്പില്‍ പിടിച്ച് കയറിയ ആ അമ്മയും മക്കളും ഒരിക്കല്‍ കരയിച്ച ജീവിതത്തെ നോക്കി നിറഞ്ഞ് ചിരിക്കുന്നു.അമ്മയെ മക്കളിന്ന് പൊന്നുപോലെ നോക്കുന്നു. അന്ന് മക്കളെ എറിഞ്ഞ് കൊല്ലാന്‍ തോന്നിയല്ലോ എന്ന വിഷമം മാത്രമാണ് അമ്മയ്ക്ക് ബാക്കി..