ക്ലിഫ് ഹൗസിലെ ബിജെപി പ്രതിഷേധത്തിനിടെയുണ്ടായ രസകരമായ ഒരു കാഴ്ച സാമൂഹ്യമാധ്യമങ്ങളില്‍ ഇന്ന് ഹിറ്റാണ്. പ്രതിഷേധത്തെക്കാള്‍ കയ്യടി കിട്ടുന്നത് തന്‍റെ മൗലിക അവകാശത്തിനായി പോരാടിയ ഒരു കൊച്ചുമിടുക്കനാണ്. സമരത്തിനിടെ യാദൃശ്ചികമായാണ് ഈ കുട്ടി മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. 

ക്ലിഫ് ഹൗസിന് സമീപം താമസിക്കുന്ന കുട്ടി തന്‍റെ വീട്ടിലേക്ക് പോകുകയായിരുന്നു. ആ സമയത്താണ് മുഖ്യമന്ത്രിക്കെതിരെയുള്ള ബിജെപി പ്രതിഷേധം. പ്രതിഷേധക്കാരെ തടയാന്‍ പൊലീസുകാര്‍ ബാരിക്കേഡ് വെച്ചു. ഇതോടെ കുട്ടിക്ക് വീട്ടിലേക്ക് പോകാനുള്ള വഴി അടഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. കുട്ടി നേരെ പൊലീസുകാരുടെ അടുത്തെത്തി രണ്ട് ഓപ്ഷനുകള്‍ നല്‍കി. ഒന്നെങ്കില്‍ എന്നെ ബാരിക്കേഡ് മാറ്റി ഈ വഴി കടത്തി വിടണം അല്ലെങ്കില്‍ എനിക്ക് ചോറ് തരണം. ഒടുവില്‍ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു. അല്‍പ്പസമയത്തിന് ശേഷം അവനായി ബാരിക്കേ‍ഡുകള്‍ മാറ്റി, വീട്ടിലേക്ക് വഴിയൊരുക്കി.

ഈ കൊച്ചുമിടുക്കന്‍റെ വിഡിയോ ഇതിനോടകം തന്നെ ആളുകള്‍ ഏറ്റെടുത്തു. അവന്‍റെ ആവശ്യം ന്യായമാണെന്നും സമരത്തിന്‍റെ പേരില്‍ അവന് വിശന്ന് ഇരിക്കേണ്ട കാര്യമില്ലെന്നുമൊക്കെ അഭിപ്രായപ്പെടുന്നവരുണ്ട്. പ്രതികരണശേഷിയുള്ള പുതിയ തലമുറയ്ക്ക് ഉദാഹരണമാണ് ഇവനെന്നും, ആവശ്യം മാസ്സാണെന്നുമൊക്കെ കമന്‍റുകളുണ്ട്. ഒട്ടും പേടിയില്ലാതെ ആവശ്യങ്ങള്‍ കൃത്യമായി ഉന്നയിക്കുന്ന അവന്‍റെ ശരീരഭാഷയ്ക്ക് അവരെ കമന്‍റ് ബോക്സില്‍ ആരാധകരുണ്ട്. 

ENGLISH SUMMARY:

Kerala BJP protest features a young boy's unique demand during a protest near Cliff House. The boy, blocked from returning home due to the protest, asked police either to open the barricade or provide him with food, showcasing his straightforward approach.