പൊതുനിരത്തിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം സ്ഥിരം കാഴ്ചയാണ്. ട്രാഫിക് നിയമം തെറ്റിച്ചും അമിത വേഗതയിൽ ചീറിപ്പാഞ്ഞും പലപ്പോഴും ഇവർ അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ഇതിനെപ്പറ്റി ചോദിച്ചാൽ സ്ഥിരം കേൾക്കുന്ന ഡയലോഗാണ് ‘രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലാണ് ഞങ്ങളെന്ന്’. എന്നാൽ അതേ ബസുകാരുടെ ട്രാഫിക് നിയമം തെറ്റിച്ചുള്ള ചീറിപ്പായലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സൈബറിടത്ത് വൈറൽ.
നമ്മുടെ സ്വന്തം പെരുമ്പാവൂർ എന്ന പേജിലാണ് പെരുമ്പാവൂർ–കാലടി റൂട്ടിലോടുന്ന സീസൺ എന്ന സ്വകാര്യ ബസിന്റെ മത്സരയോട്ടം കാണിച്ചിരിക്കുന്നത്. യാതൊരു ശ്രദ്ധയുമില്ലാതെ റോങ് സൈഡിൽ ഒരു കെഎസ്ആർടിസിയെ മറികടക്കാൻ മത്സരിച്ച് ഓടുന്നതും അതിനിടയിൽ കുടുങ്ങിപ്പോകുന്ന കാറും ദൃശ്യങ്ങളിൽ കാണാം. എംവിഡി ഇതൊന്നും കാണുന്നില്ലേ, ബസുകാർക്ക് എന്തും ആകാമല്ലോ എന്നിങ്ങനെയാണ് കമന്റ് പൂരം.
നേരത്തെ എറണാകുളത്ത് മത്സരയോട്ടവും വാതിൽ തുറന്നു കെട്ടിവച്ചുള്ള സർവീസും ഉൾപ്പെടെ നിയമലംഘനങ്ങൾ കണ്ടെത്തിയ 233 സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തിരുന്നു. 55 ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർടിഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. മോട്ടോർ വാഹന വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും ചേർന്ന് ഒറ്റ ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും ബസുകൾ കുടുങ്ങിയത്.