ഉദ്യോഗസ്ഥരുടെ അലംഭാവത്തിൽ കട്ടപ്പുറത്തായ തന്റെ ബസിനെ നോക്കി വിങ്ങുകയാണ് പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽ പെട്ട മണികണ്ഠൻ. പലിശക്ക് കടം വാങ്ങി സ്വപ്നം പോലൊരു വാഹനം വാങ്ങിയിട്ടും സമയക്രമത്തിന്റെ പേരിൽ ക്രൂശിക്കപ്പെടുന്നതാണ് ദുരിതം. മൂന്നുമാസമായിട്ടും ഓടാനാവാതെ വലിയ കടബാധ്യതയിലാണ് മണികണ്ഠൻ.
ഉള്ളതെല്ലാം വിറ്റും പറ്റാവുന്നത്ര കടം വാങ്ങിയും മണികണ്ഠൻ വാങ്ങിയ ബസ്. അട്ടപ്പാടിയിലെ ഊരുകളിലേക്ക് ഗതാഗത സംവിധാനം മെച്ചപ്പെടുത്താം, അതോടിച്ചു കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാം എന്ന് സ്വപ്നം കണ്ടയാൾ. മൂന്നു മാസമായി ആ സ്വപ്നവും ബസും കട്ടപ്പുറത്താണ്.
ഇരുള വിഭാഗത്തിൽ പെട്ട മണികണ്ഠന് ഉദ്യോഗസ്ഥരുടെ ചുവപ്പുനാടയാണ് വില്ലൻ. 2022 നവംബർ 18നു റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി പെർമിറ്റ് അനുവദിച്ചെങ്കിലും സമയക്രമം നൽകിയത് ഒട്ടും ഗുണകരമല്ലാതെ. മുള്ളിയിൽ നിന്നു കൊറവൻപടിയിലേക്കും കോട്ടത്തറ–പുതൂർ–ഉമ്മത്താൻപടിയിലേക്കും നേരത്തെ ഓടിയിരുന്ന സ്വകാര്യ ബസുകളുടെ സമയക്രമമാണ് ചോദിച്ചത്. അനുവദിച്ചില്ല ഒരു യാത്രക്കാരനെ പോലും കിട്ടാതെ ഓടേണ്ടി വന്നതോടെ നിർത്തേണ്ടി വന്നു. പ്രതിസന്ധി പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ഉറപ്പുനൽകിയെങ്കിലും മന്ത്രിയുടെ നിർദ്ദേശം പാലിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇന്ന് പലിശ കൊടുക്കാൻ പോലുമാവാതെ, കട്ടപ്പുറത്ത് ഇരിക്കുന്ന ബസിനെ നോക്കി നെടുവീർപ്പിടുകയാണ് മണികണ്ഠൻ. ആദിവാസിയായതുകൊണ്ടാണോ തന്നെ ഈ വിധം ദ്രോഹിക്കുന്നതെന്ന് മണികണ്ഠൻ ചോദിക്കുന്നുണ്ട്...!