വയനാട്ടിലെ ചേകാടി എന്ന വനഗ്രാമത്തെ വേറിട്ടതാക്കുന്നത് അതിന്‍റെ ഗോത്രവര്‍ഗ സംസ്‌കാരവും പ്രകൃതിഭംഗിയുമാണ്. വയനാടിന്‍റെ തനത് രുചി ആസ്വദിക്കാന്‍ കഴിയുന്ന ചേകാടിയിലെ ഒരു കാപ്പിക്കടയുടെ വിശേഷങ്ങള്‍.
വയനാടിന്‍റെ തനത് സൗന്ദര്യത്തെ കൃത്യമായി നിര്‍വചിക്കുന്ന ഒരു ഇടം. ചേകാടി എന്ന ഗ്രാമത്തെ അങ്ങനെ വിശേഷിപ്പിക്കാം. ഈ കാണുന്ന വയലേലകളില്‍ വിളയുന്നത് ഗന്ധകശാല എന്ന നെല്ലിനമാണ് പേരുപോലെതന്നെ സുഗന്ധം പരത്തുന്ന ചേകാടിയുടെ സ്വന്തം നെല്ല്. ഈ സുഗന്ധം പടരുന്നത് അജയേട്ടന്‍റെ കാപ്പിക്കടയിലേക്കാണ്.
വിറകടുപ്പിലാണ് പാചകം. വയനാട്ടില്‍ വിളയുന്ന തനത് കാപ്പിക്കുരു വറുത്ത് പൊടിച്ചെടുക്കുന്ന പൊടി കൊണ്ട് അസല്‍ കാപ്പി കിട്ടും. വൈബ് അടിക്കുള്ള ഒരു കേന്ദ്രമായി പിന്നെ എങ്ങനെ ചേകാടി മാറാതിരിക്കും. ഗന്ധകശാല അരിയുടെ അസ്സല്‍ ഊണിനൊപ്പം കലര്‍പ്പില്ലാത്ത തനി വയനാടന്‍ കറികളും കബനി നദിയില്‍ നിന്ന് പിടിക്കുന്ന മീനും ഒക്കെ ചേരുമ്പോള്‍ കാര്യങ്ങള്‍ ഉഷാറാകും. കാവല്‍മാടങ്ങളും ഏറുമാടങ്ങളും കടന്ന് വയലിലൂടെ ഒരു യാത്രയാകാം.
ഗോത്രവര്‍ഗ വിഭാഗങ്ങളുടെ കേന്ദ്രം കൂടിയാണ് കര്‍ണാടക അതിര്‍ത്തിയിലെ ഈ വനഗ്രാമം. പരമ്പരാഗത കൃഷിരീതികളും അനുഷ്ഠാനങ്ങളും ഇവിടെ കണ്ടും കേട്ടും അറിയാം.. കുറുവാ ദ്വീപിലേക്കുള്ള വഴി കടന്ന് ചേകാടിയിലേക്ക് എത്താം. ഇവിടെ താമസിക്കാന്‍ ഹെറിറ്റേജ് ഹോംസ്റ്റേകളും ഒരുക്കിയിട്ടുണ്ട്. അജയന്‍ ഉള്‍പ്പെടുന്ന ചേകാടി– നവ എന്ന കാര്‍ഷിക കൂട്ടായ്മയാണ് തനത് കൃഷിരീതികളുമായി ഇവിടെ സജീവമാകുന്നത്. ഉപാധികള്‍ ഒന്നുമില്ലാതെ സഞ്ചാരികളെ കാത്തിരിക്കുകയാണ് ചേകാടി.