തൃശൂര്‍ പൂരം കലക്കലില്‍ മുന്‍ കമ്മിഷണര്‍ അങ്കിത് അശോക് പഴി കേട്ട കാലം. തൃശൂര്കാര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് പൂരക്കാലം. ഈ അസ്വസ്ഥതകള്‍ എയറില്‍ നില്‍ക്കുമ്പോഴായിരുന്നു ആര്‍. ഇളങ്കോയുടെ വരവ്. തമിഴ്നാട് സ്വദേശിയായ ഇളങ്കോ നേരത്തെ കണ്ണൂര്‍ എസ്.പിയായി സേനവം അനുഷ്ഠിച്ചിരുന്നു. അളന്നു മുറിച്ചുള്ള മറുപടികളാണ് ഇളങ്കോയുടെ സ്റ്റൈല്‍. നല്ലെങ്കരയില്‍ പൊലീസിനെ ഗുണ്ടകള്‍ ആക്രമിച്ച രാത്രി. നേരംപുലര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം ഇളങ്കോ മാധ്യമപ്രവര്‍ത്തകരോട് ഒറ്റഡയലോഗ് അടിച്ചു. ‘ഗുണ്ടകള്‍ ഗുണ്ടകളുടെ പണിയെടുത്തു. പൊലീസ് പൊലീസിന്‍റെ പണിയെടുക്കുക’. നല്ലെങ്കര ഗുണ്ടാആക്രമണക്കേസില്‍ പിടിക്കപ്പെട്ട ഗുണ്ടകളെ പൊലീസ് നന്നായി ബലംപ്രയോഗം ചെയ്തിരുന്നു. നാട്ടുകാരും മാധ്യമങ്ങളും നവമാധ്യമങ്ങളും ഈ ബലപ്രയോഗത്തെ മനസുക്കൊണ്ട് അഭിനന്ദിച്ചു. നാട്ടുകാരുടെ സ്നേഹം കുറച്ചുക്കൂടി അതിരുകടന്നു. പൊലീസിനെ ആക്രമിച്ച ഗുണ്ടകളെ നന്നായി കൈകാര്യം ചെയ്ത വഴിക്ക് നാട്ടുകാര്‍ പേരിട്ടു. ഇളങ്കോ നഗര്‍. സിവില്‍ സര്‍വീസില്‍ പേരെടുക്കാന്‍ ഒന്നും ചെയ്യരുതെന്നാണ് ചട്ടം. ഇതുപാലിക്കാന്‍ ഇളങ്കോ ആ ബോര്‍ഡ് എടുത്തുമാറ്റി നാട്ടുകാരോട് പറഞ്ഞു. നിയമപരമായി ഇതുശരിയല്ല. ഒന്നേക്കാല്‍ വര്‍ഷം നീണ്ട തൃശൂര്‍ സിറ്റി പൊലീസ് മേധാവി കസേരയില്‍ നിന്ന് ഇളങ്കോ പോകുകയാണ്. ഹൈദരാബാദ് പൊലീസ് അക്കാദമിയിലെ അധ്യാപകനായി. പോകും മുമ്പ് ഇളങ്കോയ്ക്കു ചിലത് പറയാനുണ്ട്.
എല്ലാവര്‍ക്കും നന്ദി. ഈ ഒന്നരവര്‍ഷം സഹകരിച്ചതിന്. പൊലീസിന്‍റെ നല്ല കാര്യങ്ങളും വീഴ്ചകളും ഉയര്‍ത്തിക്കാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നന്ദി. പൊലീസിന് ഏറെ സ്വീകാര്യതയുള്ള ജില്ലയാണ്. സഹപ്രവര്‍ത്തകര്‍ക്കും സീനിയേഴ്സിനും നന്ദി.
എങ്ങനെയുണ്ടായിരുന്നു തൃശൂര്‍ പൂരം ടാസ്ക്ക് ?
എല്ലാവരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പൊലീസിലെ സീനിയേഴ്സ്, സഹപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ ... അങ്ങനെ എല്ലാവരും പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കി. പൂരം നടത്തുന്നത് പൊലീസിന്‍റെ പണിയല്ല. അത് ദേവസ്വങ്ങളുടെ ജോലിയാണ്. പൂരം കാണാന്‍ വരുന്നവര്‍ക്ക് സുരക്ഷ ഒരുക്കിക്കൊടുക്കല്‍ മാത്രമാണ് പൊലീസിന്‍റെ ജോലി. എല്ലാവരും സഹകരിച്ചു.
പൊലീസിനെതിരായ നല്ലെങ്കര ഗുണ്ടാ ആക്രമണം? പൊലീസിനെ അഭിനന്ദിച്ച് ഇളങ്കോ നഗര്‍ പേരിട്ടിതിനെ എന്തിനു തടഞ്ഞു ?
നിക്ഷ്പക്ഷതയും സത്യസന്ധതയും സിവില്‍ സര്‍വീസില്‍ നിര്‍ബന്ധമായും വേണം. അതേപ്പോലെ പേരെടുക്കാന്‍ വേണ്ടി നില്‍ക്കരുത്. അതുക്കൊണ്ടാണ് ഇളങ്കോ നഗര്‍ എന്ന പേര് വഴിക്കിട്ടപ്പോള്‍ വേണ്ടെന്നു പറഞ്ഞത്. നിയമവിരുദ്ധമായി ഒന്നും ചെയ്യില്ല. കൃത്യമായി ജോലി ചെയ്തും. ബലംപ്രയോഗം വേണ്ടിവരും. ഹീറോയിസം വേണ്ടത് പൊലീസിന്‍റെ ജോലിയിലാണ്.
കസ്റ്റഡിമര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറിയതില്‍ പൊലീസിനുള്ളില്‍ വിമര്‍ശനമുണ്ടല്ലോ?
സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ പറഞ്ഞപ്രകാരമാണ് ദൃശ്യങ്ങള്‍ കൈമാറിയത്. അത് നിയമപരമായി ചെയ്യേണ്ടത്.
കസ്റ്റഡിമര്‍ദ്ദനത്തെക്കുറിച്ച് എന്താണ് അഭിപ്രായം ?
നിയമവിരുദ്ധമായി ആരേയും മര്‍ദ്ദിക്കാന്‍ പാടില്ല. ബലംപ്രയോഗം വേണ്ടിവരും. സ്റ്റേഷനകത്തായാലും പുറത്തായാലും. അതു ചെയ്യുന്നതില്‍ തെറ്റില്ല.
കെ.എസ്.യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ചത് ശരിയാണോ?
കോടതി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. എസ്.എച്ച്.ഒ. മറുപടിയും കൊടുത്തു. കോടതിയുടെ പരിഗണനയിലാണ്. കൂടുതല്‍ പറയുന്നില്ല.
സിറ്റി പൊലീസ് ടീമിനെ എങ്ങനെ വിലയിരുത്തുന്നു?
മൂന്നു നാലും ജില്ലക്‍ളില്‍ ജോലി ചെയ്തിട്ടുണ്ട്. നല്ല പ്രഫഷനല്‍ ആയിട്ടുള്ള പൊലീസ് ജില്ലയാണ് തൃശൂര്‍. അടുത്ത ഘട്ടത്തിലേക്ക് പൊലീസിനെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അത് പുതിയ കമ്മിഷണര്‍ കൊണ്ടുപോകും.
പൂരം കലക്കല്‍ വിവാദങ്ങള്‍ക്കു ശേഷമായിരുന്നു തൃശൂരില്‍ വന്നത് ? പൂരം നടത്തിപ്പില്‍ സമ്മര്‍ദ്ദമുണ്ടോ?
സിസ്റ്റം കൂള്‍ ആയതിനാല്‍ ഹോട് സീറ്റായി തോന്നിയിട്ടില്ല. തെറ്റുകള്‍ തിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുണ്ട്. സിസ്റ്റത്തിന്‍റെ പിന്തുണയുണ്ട്.
ലഹരിക്കടത്ത്, ഗുണ്ടായിസം.... എങ്ങനെയുണ്ടായിരുന്നു തൃശൂരില്‍ ?
എലിയും പൂച്ചയും തമ്മിലുള്ള കളിയാണ് പൊലീസിന്‍റേത്. പൂച്ചയുടെ ജോലിയാണ് പൊലീസിന്‍റേത്. ഇനിയും അത് ചെയ്യേണ്ടി വരും. ഒട്ടേറെ കാര്യങ്ങള്‍ മാറ്റി. വാഹനാപകട മരണങ്ങള്‍ കുറഞ്ഞു. പോക്സോ കേസുകളില്‍ കുറ്റപത്രം ഫയല്‍ ചെയ്തിട്ടുണ്ട്.
എ.ടി.എം. കൊള്ളക്കാര്‍ വന്ന കാര്‍ കൊണ്ടുപോയത് ലോറിയിലാണെന്ന് എങ്ങനെ മനസിലാക്കി ?
കണ്ണൂരിലും സമാനമായ കവര്‍ച്ച നടന്നിരുന്നു. അന്നും കവര്‍ച്ചാസംഘം കാര്‍ കൊണ്ടുപോയത് കണ്ടെയ്നര്‍ ലോറിയിലാണ്. തൃശൂരിലും അത് നടന്നപ്പോള്‍ മറ്റൊന്നും സംശയിക്കേണ്ടി വന്നില്ല. കണ്ടെയ്നര്‍ ലോറികള്‍ പരിശോധിച്ചു.
തൃശൂരിലേക്ക് ഇനി വരുമോ?
പൂരം കാണാന്‍ വരും പൂരപ്രേമിയായി. പുലിക്കളി കാണാന്‍ വരും. കാഴ്ചക്കാരനായി.