സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളുടെ സംരക്ഷണത്തിലേയ്ക്ക് ഈവര്‍ഷമെത്തിയത് 23 കുരുന്നുകള്‍. കുഞ്ഞു ജീവനുകള്‍ മുളയിലെ നുളളുന്നത് ഒഴിവാക്കി അമ്മ തൊട്ടിലിലില്‍ ഏല്‍പ്പിക്കുന്നവരുടെ എണ്ണം കൂടുന്നു. പോറ്റാന്‍ സാഹചര്യങ്ങള്‍ അനുവദിക്കാത്തവര്‍ക്ക് മിക്ക ജില്ലകളിലും അമ്മത്തൊട്ടില്‍ എന്ന ബദല്‍ സംവിധാനം വന്നതും ഉപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുന്നതും ആണ് മാറ്റത്തിനു കാരണമെന്നാണ് വിലയിരുത്തല്‍.
വിടരും മുമ്പേ കൊഴിഞ്ഞുപോയ കുഞ്ഞുങ്ങളുടെ ഉളളുലയ്ക്കുന്ന വാര്‍ത്തകള്‍ മാറി..അമ്മത്തൊട്ടിലിന്‍റെ താരാട്ടീണത്തില്‍ ഇന്നവര്‍ സുഖമായുറങ്ങുന്നു. ആഗതയും അഹിംസയും അക്ഷരയും വീണയും എല്ലാം സുരക്ഷിത കരങ്ങളിലാണ്. അമ്മത്തൊട്ടിലില്‍ മണി കിലുങ്ങുന്നത് കേട്ട് ഓടിച്ചെന്നെടുത്ത് നെഞ്ചോട് ചേര്‍ത്ത പോറ്റമ്മമാരുടെ കൈകളിലാണവരിന്ന്. കൈകാലിട്ടടിച്ച് നിറഞ്ഞു ചിരിച്ച് പ്രതീക്ഷയുടെ ലോകത്തേയ്ക്ക് പിച്ചവയ്ക്കാനുളള ഒരുക്കത്തില്‍. ഈ വര്‍ഷമെത്തിയ 23 കുഞ്ഞുങ്ങളും
ദത്തെടുക്കല്‍ നടപടികളിലാണ്. അവരെ പൊന്നു പോലെ നോക്കുമെന്നുറപ്പുളള പുതിയ മാതാപിതാക്കള്‍ക്ക് അടുത്തേയ്ക്ക് പോകും മുമ്പ് സ്നേഹവും കരുതലും ആവോളം അനുഭവിക്കുകയാണിവര്‍.
വിവാഹത്തിനും മുമ്പ് ഗര്‍ഭിണിയാകുന്ന അമ്മമാര്‍, വിവാഹബന്ധത്തിന് പുറത്തുണ്ടാകുന്ന കുഞ്ഞുങ്ങള്‍, പ്രായ പൂര്‍ത്തിയെത്തുംമുന്‍പേ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കേണ്ടി വരുന്നത് തുടങ്ങിയ സാമൂഹ്യ സാഹചര്യങ്ങളില്‍ പെടുന്നവരാണ് അമ്മത്തൊട്ടിലുകളെ തേടി വരുന്നതില്‍ ഏറിയ പങ്കും. അമ്മത്തൊട്ടിലുകളില്‍ കുഞ്ഞുങ്ങളെ കൊണ്ടു കിടത്തുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമാണ്. അവര്‍ അമ്മത്തൊട്ടിലിന്‍റെ പരിസരം വിട്ടശേഷമാണ് അധികൃതരെത്തി കുട്ടികളെ എടുക്കുന്നതുപോലും.