TOPICS COVERED

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് ഒരാൾക്ക് പരുക്ക്. ഇന്ന് രാവിലെയാണ് സംഭവം. ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ നൗഫിയ നൗഷാദിന്  ആണ് പരുക്കേറ്റത്. നടുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയ മുത്തച്ഛൻ ബി.ഫസലുദ്ദീനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു നൗഫിയ. നൗഫിയയുടെ കൈയ്ക്കാണ് പരുക്കേറ്റത്.

ഫസലുദ്ദീനെ പിഎംആർ ഒപിയിൽ ഡോക്ടറെ കാണിക്കാൻ ഇരിക്കുന്നതിനിടെയാണു കോൺക്രീറ്റ് പാളികൾ അടർന്നു വീണത്. നൗഫിയയുടെ ഇടതു കൈയിലും മുതുകിലും പാളികൾ അടർന്നുവീണു. അപകടത്തിന് പിന്നാലെ പിഎംആർ ഒപി ഇവിടെ നിന്ന് സ്കിൻ ഒപിയിലേക്ക് മാറ്റി. നൗഫിയയുടെ കൈയിൽ എക്സ്റേ പരിശോധന നടത്തിയതിൽ മറ്റ് പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.