kambilikandathe-kalbharnikal-review-abin-varkey-youth-depression

എഴുത്തുകാരൻ ബാബു എബ്രഹാമിന്റെ 'കമ്പിളികണ്ടത്തെ കല്ഭരണികൾ' എന്ന പുസ്തകത്തെ പുതിയ തലമുറയ്ക്കിടയിൽ ചർച്ചയാക്കി യൂത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ അബിന്‍ വര്‍ക്കി. യൂത്ത് കോണ്‍ക്ലേവ് എന്ന ചടങ്ങിലാണ് പുസ്തകത്തിലെ പ്രമേയത്തെ യുവജനങ്ങളുടെ മുന്നില്‍  അവതരിപ്പിച്ച  അബിന്‍ സംസാരിച്ചത്. ഇതിനെ  അഭിനന്ദിച്ചുകൊണ്ട് ബാബു എബ്രഹാം  രംഗത്തെത്തി.

അബിന്‍ പുസ്തകത്തെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ നിനച്ചിരിക്കാതെ കണ്ടുവെന്നും, പുസ്തകത്തിലെ ആശയങ്ങളെ യുവതലമുറയിലേക്ക് എത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും ബാബു എബ്രഹാം തന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശിന് ശേഷം കൽഭരണികൾ ചെറുപ്പക്കാർക്ക് മുന്നിൽ തുറന്നുവയ്ക്കുന്ന  യുവാവ് എന്ന വിശേഷണത്തോടെയാണ് അദ്ദേഹം അബിൻ വർക്കിക്ക് നന്ദി അറിയിച്ചത്.

പുസ്തകത്തെക്കുറിച്ച് സംസാരിക്കവേ, യുവതലമുറയിലെ ഡിപ്രഷൻ പ്രവണതയെക്കുറിച്ചും ആത്മഹത്യാ ചിന്തകളെക്കുറിച്ചും അബിൻ വർക്കി ശക്തമായി പ്രതികരിച്ചു. മുൻ തലമുറയ്ക്ക് പ്രണയനഷ്ടങ്ങളും മറ്റ് പ്രശ്‌നങ്ങളും ഉണ്ടായിരുന്നിട്ടും ആത്മഹത്യ ചെയ്തിരുന്നില്ല. എന്നാൽ ഇന്ന് ചെറിയ വിഷയങ്ങൾ ഉണ്ടാകുമ്പോൾ പോലും കായലിൽ ചാടുക, ആത്മഹത്യ ചെയ്യുക എന്ന ചിന്തയിലേക്ക് പോകുന്നതിനെ അബിന്‍ തന്റെ പ്രസംഗത്തില്‍ വിമർശിച്ചു.

ഇന്നത്തെ തലമുറ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് 'കമ്പിളികണ്ടത്തെ കല്ഭരണികൾ' എന്നും, "സ്വന്തം രക്തം കൊണ്ട് എങ്ങനെയാണ് ജീവിതത്തെ എഴുതി വെക്കുക" എന്ന് ഈ പുസ്തകം കാണിച്ചുതരുന്നുവെന്നും അബിൻ വർക്കി പറഞ്ഞു. നാല് മക്കളുമായി ജീവിതം കെട്ടിപ്പടുക്കുന്ന അമ്മയാണ് ഈ പുസ്തകത്തിലെ 'ഹീറോ' എന്നും അബിന്‍ കൂട്ടിച്ചേർത്തു.

പുസ്തകത്തിൽ തന്നെ ഏറ്റവും ആകർഷിച്ച ഭാഗം അബിൻ വർക്കി പ്രസംഗത്തിൽ എടുത്തു പറഞ്ഞു. അമ്മ പറയുന്ന വരികളാണ്: "നിങ്ങളുടെ തലയ്ക്ക് മീതെ വെള്ളം വന്നു എന്ന് കണ്ടാൽ നിങ്ങൾ അതിനുമീതെ തോണി ഇറക്കണം. ഒരു വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ നീന്തൽ അറിയില്ലെന്ന് കരുതി നിങ്ങൾ ആർത്ത് അലമുറയിട്ട് കരയരുത്. പകരം, നിങ്ങൾ അതിനെ ധൈര്യമായി നേരിടണം. നിങ്ങൾ ആ വെള്ളപ്പാച്ചിലിനിടയിൽ വരുന്ന തടികഷ്ണങ്ങൾ കണ്ടുപിടിച്ച് അതിൽ കെട്ടിപ്പൊങ്ങി നീന്തി കിടക്കാൻ ശ്രമിക്കണം. അവിടെ ഒഴുകി വരുന്ന മരശിഖിരങ്ങളും വള്ളികളും കൂട്ടിവെച്ച് ഒരു ചെങ്ങാടം ഉണ്ടാക്കണം. ആ ചെങ്ങാടത്തിൽ കയറി കരയിൽ ചെല്ലുമ്പോഴുള്ള സന്തോഷമായിരിക്കണം നിങ്ങളുടെ മനസ്സിൽ ഉണ്ടാകേണ്ടത്. എന്നിട്ട് നിങ്ങൾ ആ കര പറ്റി കഴിയുമ്പോൾ, ഈ ചെങ്ങാടം മറ്റ് മുങ്ങിപ്പോയ ഒരാൾക്ക് രക്ഷയ്ക്ക് വേണ്ടി അവിടെ ഉപേക്ഷിക്കണം. ആരെങ്കിലും ആ ചെങ്ങാടത്തിലൂടെ രക്ഷപെടുമ്പോൾ ലഭിക്കുന്ന നിസ്വാർത്ഥമായ ആനന്ദമായിരിക്കണം നിങ്ങളെ നയിക്കേണ്ടത്."

'തലയ്ക്ക് മീതെ വെള്ളം വന്നാൽ അതിനുമേലെ തോണി ഇറക്കണം' എന്ന തത്വം പുതിയ ആകാശത്തിനും ഭൂമിക്കും മാറുന്ന യുവതിക്കും വേണ്ട ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ് എന്നും, ഈ ലക്ഷ്യപ്രാപ്തിയോടെ പ്രവർത്തിച്ചാൽ യുവതലമുറ പുതിയ ലോകത്തിന്റെ ഉടമസ്ഥരാകുമെന്നും അബിന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ENGLISH SUMMARY:

Kambilikandathe Kalbharnikal is a book sparking discussions among the new generation. This book, written by Babu Abraham, is being praised for its themes of social responsibility, as highlighted in a speech by Youth Congress leader Abin Varkey.