കലാമണ്ഡലത്തിൽ കഥകളി പഠിക്കാൻ എത്തിയ ആദ്യ മുസ്ലിം പെൺകുട്ടി സാബ്രിക്ക് ഇന്ന് അരങ്ങേറ്റം. ചെറുപ്പം മുതലുള്ള ആഗ്രഹം യാഥാർത്ഥ്യമാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഈ പത്താം ക്ലാസുകാരി.
2023 ലാണ് കഥകളി ആചാര്യനായ കലാമണ്ഡലം ഗോപിക്ക് ഗുരുദക്ഷിണ നൽകി സാബ്രി കലാമണ്ഡലത്തിൽ പ്രവേശിച്ചത്. അന്ന് കഥകളി പഠിക്കാനെത്തുമ്പോൾ സാബ്രി എന്ന മുസ്ലിം പെൺകുട്ടിക്ക് മനസ്സിൽ ആശങ്കകളൊന്നുമില്ലായിരുന്നു, പകരം ആത്മധൈര്യമായിരുന്നു. അതേ ആത്മധൈര്യത്തോടെ ഈ പത്താംക്ലാസുകാരി അരങ്ങേറ്റത്തിനൊരുങ്ങുകയാണ്.
പിതാവ് നിസാം ഫോട്ടോഗ്രാഫറാണ് അദ്ദേഹത്തോടൊപ്പം സാബ്രി കഥകളി കാണാൻ പോകും. അച്ഛൻ എടുത്ത കഥകളിയുടെ ചിത്രങ്ങൾ കണ്ട് കഥകളിയോടും കഥകളി വേഷത്തോടും ഇഷ്ടം തോന്നി. അത് വീട്ടുകാരോട് തുറന്നു പറഞ്ഞു. ഉമ്മയുടെയും ഉപ്പയുടെയും സമ്മതത്തോടുകൂടി അങ്ങനെ സാബ്രി തൻറെ സ്വപ്നത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചു.
കലാമണ്ഡലം അനിൽകുമാറും സഹപ്രവർത്തകരുമാണ് സാബ്രിയുടെ ആശാൻമാർ. അരങ്ങേറ്റ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഈ പെൺകുട്ടി. ഒപ്പം അരങ്ങേറ്റത്തിന് സഹപാഠികളായ മൂന്ന് ആൺ കുട്ടികളും മൂന്ന് പെൺകുട്ടികളുമുണ്ട്. സാബ്രിയുടെ ഹൃദയത്തിൽ നൃത്തം വിശ്വാസത്തിന് അതിരിടുന്നില്ല. അത് വിശ്വാസങ്ങളെ വിളക്കിച്ചേർക്കുന്ന കണ്ണിയാണ്.