കലാമണ്ഡലം വൈസ് ചാന്‍സലര്‍ മല്ലിക സാരാഭായി ആശവര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച് രംഗത്തെത്തി. ആശവര്‍ക്കറുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുനല്‍കിയാണ് മല്ലിക സാരാഭായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമരത്തെ പിന്തുണയ്ക്കുന്നതിനോട് വിലക്കുണ്ടെന്ന് മല്ലിക ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
അഭിപ്രായ സ്വാതന്ത്ര വിലക്കിനെ തള്ളി മല്ലിക സാരാഭായി ആശ വര്‍ക്കര്‍മാരുടെ സമരത്തിനൊപ്പം നിന്നു. തൃശൂരിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ ഓണറേറിയം പരിപാടിയോടാണ് മല്ലിക സഹകരിച്ചത്. ആശ വര്‍ക്കര്‍മാരുടെ അക്കൗണ്ടുകളിലേക്ക് ആയിരം രൂപ അയച്ചു നല്‍കാനായിരുന്നു പൊതുസമൂഹത്തോടുള്ള ഈ കൂട്ടായ്മയുടെ ആഹ്വാനം.
മല്ലിക സാരാഭായി ഇതിനോട് സഹകരിച്ചു. ആശവര്‍ക്കറായ ആന്‍സിയുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചു നല്‍കി. ഗാനരചയിതാവ് റഫീഖ് അഹമ്മദും എഴുത്തുകാരി സാറാ ജോസഫും പരിപാടിയില്‍ പങ്കെടുത്തു. ആശമാരെ പിന്തുണച്ചതിന്‍റെ പേരില്‍ മല്ലികയ്ക്കെതിരെയുള്ള പ്രതികരണങ്ങള്‍ ശരിയല്ലെന്ന് എഴുത്തുകാരി സാറ ജോസഫ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മല്ലിക സാരാഭായി ഫെയ്സുബുക്കില്‍ പോസ്റ്റിട്ടത്. സര്‍വകലാശാല ചാന്‍സലറായ ശേഷമുള്ള ആദ്യത്തെ അനുഭവമെന്ന പേരിലാണ് കുറിപ്പ് തുടങ്ങുന്നത്. അഭിപ്രായ സ്വാതന്ത്രത്തിനു നേരെ വിലക്ക് നേരിടേണ്ടി വരുന്നു. ആശവര്‍ക്കര്‍മാരുടെ സേവനം മഹത്തരമാണ്. മതിയായ പ്രതിഫലം ലഭിക്കണം. അവരെ സഹായിക്കുന്ന കാര്യത്തില്‍ അഭിപ്രായം ചോദിച്ചു. ഞാന്‍ അഭിപ്രായം പറഞ്ഞു. അതിനി പറയാന്‍ പാടില്ലേയെന്ന് മല്ലിക സാരാഭായി ചോദിക്കുന്നു. ഞാന്‍ ഞാനല്ലാതാകണോ എന്നതാണ് മല്ലികയുടെ പ്രധാന ചോദ്യം. ആരാണ് അഭിപ്രായ സ്വാതന്ത്രം വിലക്കിയതെന്നും മാത്രം മല്ലിക വ്യക്തമാക്കിയിട്ടില്ല.