TOPICS COVERED

മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം മൺസൂൺ മഴയും സമുദ്രത്തിലെ മാറ്റങ്ങളുമെന്ന്  കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പുതിയ പഠനം. കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ അപ്രതീക്ഷിതമായി വർധിച്ചതിനും തുടർന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കും കാരണം മൺസൂൺ മഴയിലെ മാറ്റങ്ങളാണെന്നാണ് പഠനം. 

2012ൽ സംസ്ഥാനത്ത് നാല് ലക്ഷം ടൺ എന്ന റെക്കോർഡ് അളവിൽ ലഭിച്ച മത്തി 2021ൽ 3500 ടണ്ണായി കുത്തനെ കുറഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷം ശരാശരി പത്ത് സെന്റിമീറ്റർ വലിപ്പമുള്ള കുഞ്ഞൻ മത്തി കേരള തീരത്ത് വൻതോതിൽ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇവ കൂട്ടത്തോടെ കരക്കടിയുന്ന സാഹചര്യവുമുണ്ടായി. 

കഴിഞ്ഞ വർഷം അനുകൂലമായ മൺസൂൺ മഴയും പോഷക സമൃദ്ധമായ അടിത്തട്ടിലെ ജലം മുകളിലേക്ക് വരുന്നതും (അപ് വെല്ലിംഗ്) മത്തി ലാർവകളുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങൾ പെരുകാൻ കാരണമായി. ഇതോടെ ലാർവകളുടെ അതിജീവനം കൂടുകയും മത്തികുഞ്ഞുങ്ങളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവുണ്ടാകുകയും ചെയ്തു.  

എന്നാൽ, മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം കൂടിയതോടെ അവയുടെ ഭക്ഷ്യലഭ്യതയിൽ ക്രമേണ കുറവുണ്ടായി. ഇത് അവയുടെ വളർച്ച മുരടിക്കുന്നതിനും തൂക്കം കുറയുന്നതിനും കാരണമായി എന്നാണ് പഠനം പറയുന്നത്. ഇതോടെ വിപണിയിൽ മത്തിയുടെ വില കുത്തനെ ഇടിയുകയും മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നത് തന്നെ നിർത്തിവെയ്ക്കുകയും ചെയ്തു. 

കൊച്ചി, വിഴിഞ്ഞം, കോഴിക്കോട് എന്നിവിടങ്ങളിൽ ജൈവശാസ്ത്രവും സാമുദ്രകവുമായ ഘടകങ്ങൾ വിശകലനം ചെയ്താണ് സിഎംഎഫ്ആർഐ പഠനം നടത്തിയത്. 

സൂക്ഷ്മപ്ലവകങ്ങളുടെ അളവ് പോലുള്ള ആവാസവ്യവസ്ഥയിലെ ഉത്പാദനക്ഷമതയാണ് മത്തിയുടെ ലഭ്യതയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതെന്നും പഠനം കണ്ടെത്തി. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും മത്തിയുടെ പ്രജനനത്തെയും വ്യാപനത്തെയും ബാധിച്ചിരിക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തരം ഏറ്റക്കുറച്ചിലുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ, ഓരോ മത്സ്യത്തിനും അനുയോജ്യമായ ഹ്രസ്വകാല  മുന്നറിയിപ്പുകൾ (ഫോർകാസ്റ്റ്) വേണമെന്ന് പഠനം നിർദേശിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് പ്രാദേശികമായി മത്സ്യബന്ധന നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.

മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാൻ അനിവാര്യമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. യു. ഗംഗ പറഞ്ഞു. പഠനം കറന്റ് സയൻസ് ജേണലിൽ പ്രസി്ദ്ധീകരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Sardine availability is affected by monsoon rains and ocean changes, according to a new study by the Central Marine Fisheries Research Institute (CMFRI). The study indicates that changes in monsoon rainfall are responsible for the unexpected increase in juvenile sardines off the Kerala coast last year and the subsequent environmental and economic consequences.