Image Credit: https://www.facebook.com/ParisminaDomusDei
ഓറഞ്ച് നിറത്തിലുളള അപൂര്‍വ്വയിനം സ്രാവിന്‍റെ ചിത്രങ്ങള്‍ സൈബറിടത്ത് ശ്രദ്ധനേടുന്നു. ആദ്യകാഴ്ച്ചയില്‍ എഐ ചിത്രമാണെന്ന് തോന്നുമെങ്കിലും സംഭവം സത്യം തന്നെ. തിളക്കമുളള കടും ഓറഞ്ച് നിറത്തിലുളള സ്രാവിനെ കരീബിയൻ കടലിൽ നിന്നും കഴിഞ്ഞ വര്‍ഷമാണ് കണ്ടെത്തിയത്. കോസ്റ്റാറിക്കയിലെ ടോർടുഗെറോ ദേശീയോദ്യാനത്തിന് സമീപം ചൂണ്ടയിടാന്‍ പോയവാരാണ് ഈ അപൂര്‍വ്വയിനം സ്രാവിനെ കണ്ടെത്തിയത്. എന്നാലീ അടുത്ത കാലത്താണ് ഓറഞ്ച് സ്രാവിന്‍റെ ചിത്രങ്ങള്‍ സൈബറിടത്ത് ശ്രദ്ധനേടിയതെന്ന് മാത്രം.
നഴ്സ് സ്രാവുകളുടെ വിഭാഗത്തില്‍പ്പെടുന്നവയാണ് ഈ ഓറഞ്ച് സ്രാവും. കരീബിയൻ കടലിലെ സ്ഥിരം സാന്നിധ്യമാണ് നഴ്സ് സ്രാവുകള്‍. തവിട്ടുനിറത്തിലാണ് ഇക്കൂട്ടര്‍ സാധാരണയായി കാണാറുളളത്. ഇതാദ്യമായാണ് ഓറഞ്ച് നിറത്തിലുളള നഴ്സ് സ്രാവിനെ കണ്ടെത്തുന്നത്. രണ്ടു മീറ്ററായിരുന്നു ഓറഞ്ച് സ്രാവിന്‍റെ നീളം. വെളളാരം കല്ലുപോലുളള വെളുത്ത കണ്ണുകളും ഓറഞ്ച് സ്രാവിനെ കൂടുതല്‍ ഭംഗിയുളളതാക്കുന്നു. സ്രാവിനെ കണ്ടെത്തിയ സംഘം അതിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം തിരികെ കടലിലേക്ക് വിട്ടു.
സ്രാവിന്‍റെ ഓറഞ്ച് നിറവും വെളുത്ത കണ്ണുകളെയും കുറിച്ച് വിശദമായി വിലയിരുത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ...സാന്തിസം (Xanthism) ആണ് ഈ ഓറഞ്ച് നിറത്തിന് പിന്നിലെന്നാണ്. മഞ്ഞയോ സ്വർണ്ണ നിറമോ കൂടുതലായി ഉണ്ടാകുന്ന ഒരു ജനിതക പിഗ്മെന്റേഷൻ വൈകല്യമാണിത്. ചില മത്സ്യങ്ങളിലും ഉരഗങ്ങളിലും പക്ഷികളിലും നേരത്തേ സാന്തിസം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്രാവുകളില്‍ ഈ അവസ്ഥ അത്യപൂര്‍വമായാണ് കണ്ടുവരുന്നതെന്നും ശാസ്ത്രജ്‍ഞര്‍ പറയുന്നു. കൂടാതെ, സ്രാവിന്റെ വെളുത്ത കണ്ണുകൾ ‘ആൽബിനിസം’ എന്ന അവസ്ഥ മൂലം സംഭവിക്കുന്നതാണെന്നും ശാസ്ത്രജ്‍ഞര്‍ ചൂണ്ടിക്കാട്ടി. മെലാനിന്റെ ഉത്പാദനം വളരെ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നൊരു അവസ്ഥയാണിത്. 2024ല്‍ സ്രാവിനെ കണ്ടെത്തിയിരുന്നെങ്കിലും മറൈൻ ബയോളജി ജേണലിൽ ഇപ്പോഴാണ് ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഇതിനുപിന്നാലെ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് ശ്രദ്ധനേടുകയായിരുന്നു.