അത്യപൂർവ്വ നിർമിതിയാൽ ആരെയും അതിശയിപ്പിക്കുന്ന ഒരുക്ഷേത്രമുണ്ട്, അങ്ങ് പെരുമ്പാവൂരിനടത്ത് മേതലയിൽ. ഒമ്പതാം നൂറ്റാണ്ടിൽ ജൈനന്മാർ സ്ഥാപിച്ച ക്ഷേത്രം. സഞ്ചാരികളുടെയും, ചരിത്രപഠിതാക്കളുടെയും ഇഷ്ട ഇടമായ ഇവിടെ ദിനേന നിരവധി പേരാണ് എത്തുന്നത്.
പടുകൂറ്റൻ പാറയുടെ മുകളിലുള്ള ക്ഷേത്രത്തിലെത്താൻ 120പടികൾ കയറണം. 28ഏക്കർ വരുന്ന വനത്തിനുള്ളിലാണ് ക്ഷേത്ര സ്ഥാനം. ആര്യാധിപത്യകാലത്തിനു മുമ്പത്തെ ജൈനഗുഹാക്ഷേത്രം. ബ്രാഹ്മണാധിപത്യകാലത്തോടെ സങ്കല്പങ്ങളും പ്രതിഷ്ഠയും ബ്രാഹ്മണീകരിക്കപ്പെട്ടു. അങ്ങനെ പാർശ്വനാഥനും, മഹാവീരനും ശിവനും വിഷ്ണുവുമായി. ഐതീഹ്യവും, വിശ്വാസവും പലതുണ്ട്.
ആയിരക്കണക്കിന് കൊല്ലങ്ങൾക്കു മുൻപ് പണികഴിപ്പിച്ച ഒരു മഹാത്ഭുതം കൂടിയാണ് ഈ ഗുഹാക്ഷേത്രം. അതുകൊണ്ടാണ് ചരിത്രപഠിതാക്കളുടെ ഇഷ്ട കേന്ദ്രമാകുന്നത്. കല്ലിൽ ഭവതി ക്ഷേത്രത്തിലേക്കുള്ള യാത്ര, ചരിത്രത്തിലേക്കുള്ളൊരു യാത്ര കൂടിയാണ്.