പെരുമ്പാവൂരിൽ ഡോക്ടറെ മർദ്ദിച്ച പ്രതി അറസ്റ്റിൽ. വളയൻചിറങ്ങര സ്വദേശി ജിസാറാണ് അറസ്റ്റിലായത്. ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദ്ദിച്ച ഇയാൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്
മദ്യലഹരിയിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതോടെ ജിസാർ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദ്ദിക്കുകയായിരുന്നു. നാട്ടിൽ സ്ഥിരമായി മദ്യപിച്ച്
പ്രശ്നമുണ്ടാക്കുന്ന ആളാണ് ജിസാർ. ഇന്നലെ രാത്രി മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയതോടെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇയാളെ ലഹരി വിമുക്തി കേന്ദ്രത്തിലാക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് സാൻജോ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയിൽ വച്ച് കയ്യിലെയും കാലിലെയും കെട്ടഴിച്ചതോടെ ഇയാൾ വീണ്ടും അക്രമസക്തനായി. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറുടെ തലയിൽ സ്വന്തം തലകൊണ്ട് ഇടിച്ചു. സെക്യൂരിറ്റി ജീവനക്കാരനെയും ആക്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുമ്പാവൂർ പൊലീസിന് നേരെയും പ്രതി അസഭ്യം പറഞ്ഞു. ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. പരുക്കേറ്റ ഡോക്ടറുടെ പരാതിയിലാണ് ആശുപത്രി സംരക്ഷണ നിയമം ചുമത്തി കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജിസാറിനെതിരെ വധശ്രമമടക്കം 3 കേസുകൾ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലുണ്ട്.