പെരുമ്പാവുരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പൊലീസിന്‍റെ വ്യാപക ലഹരി പരിശോധന . ലഹരി മരുന്നുമായി ബന്ധപ്പെട്ട് 9 കേസുകൾ റജിസ്റ്റർ ചെയ്തു. ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സത്രീകളെയും കസ്റ്റഡിയിലെടുത്തു.
പെരുമ്പാവൂർ എസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ ലോഡ്ജുകൾ മാർക്കറ്റ് എന്നിവിടങ്ങളിലായിരൂന്നു ലഹരി മരുന്ന് കണ്ടെത്താൻ പരിശോധന നടന്നത്. നൂറിലേറെ പൊലീസുകാരും എക്സൈസുകാരും പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്ക് ചേർന്നു. പെരുമ്പാവൂർ ടൗണിലും പരിസരപ്രദേശങ്ങളിലും താമസിച്ചുവരുന്ന ഇതരസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് നാട്ടുകാരെയും സംഘടനകളെയും ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കുവാൻ തീരുമാനിച്ചിരുന്നു . ഇതരസംസ്ഥാന തൊഴിലാളികളുടെ ലഹരിമരുന്ന് ഉപയോഗം, മറ്റ് അനാശാസ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ച് സമഗ്രമായ് അന്വേഷിച്ച് നടപടിയെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പരിശോധന നടന്നത്.
ജാഗ്രത സമിതി എല്ലാ മാസവും ആദ്യ ആഴ്ചയിൽ പെരുമ്പാവൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസിൽ വച്ച് യോഗം ചേരും. പ്രതിമാസയോഗങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് പ്രവർത്തനങ്ങൾ വിപുലമാക്കും'.