thani-idukkikari

TOPICS COVERED

‘മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി...ഇവളാണിവളാണ് മിടുമിടുക്കി...’, ബിജിബാലിന്‍റെ ഈണത്തിനൊപ്പം ഹൈറേഞ്ചിലെ മഞ്ഞിനെ തഴുകി മരിയയും മരീനയും ഏലച്ചെടികളെ പരിചരിക്കുകയാണ്. ഇടുക്കി ചേറ്റുകുഴി സ്വദേശികളായ ഇരട്ടക്കുട്ടികള്‍. എല്ലാ ക്ലാസിലും ഒരേ ബെഞ്ചില്‍, ഡിഗ്രിയും പിജിയും ഒന്നിച്ച്. ഒരാള്‍ എംജി യൂണിവേഴ്സിറ്റി എംഎസ്ഡബ്ല്യു രണ്ടാം റാങ്ക് ഹോള്‍ഡര്‍. രണ്ടാമത്തെയാള്‍ ഫസ്റ്റ് ക്ലാസോടെ വിജയിച്ചു. പിജി കഴിഞ്ഞപ്പോള്‍ ‘ഇനി നിങ്ങള്‍ പുറത്തേക്ക് പോവുകയാണോ’ എന്ന് ചോദിച്ചവരോട് ‘അല്ല, കൃഷി നോക്കുവാ’ എന്നായിരുന്നു ഇരുവരുടെയും മറുപടി. ഇത്രയും പഠിച്ചിട്ട് കൃഷിയാണോ പണി എന്ന് ചോദിച്ചവരോട് കൃഷി മാത്രമല്ല, വിപണിയറിഞ്ഞ് പുതിയ ബിസിനസ് ആശയങ്ങളുമായാണ് ഈ ഇരട്ടകള്‍ രംഗത്തിറങ്ങിയത്.

തനി ഇടുക്കിക്കാരി – ഇന്‍സ്റ്റയില്‍ നിന്ന് ബ്രാന്‍ഡിലേയ്ക്ക്

ഏലത്തോട്ടത്തിലെ ജോലികളെക്കുറിച്ച് ചെറിയ റീല്‍സ് പങ്കുവയ്ക്കുന്ന ഇന്‍സ്റ്റഗ്രാം പേജ്. പേര്, ‘തനി ഇടുക്കിക്കാരി’. ഹൈറേഞ്ചിന്‍റെ ഭംഗിയും കൃഷിയും തനിനാടന്‍ വിശേഷങ്ങളും നിറഞ്ഞ ഇന്‍സ്റ്റഗ്രാം പേജിന് റീച്ച് കൂടിയതോടെ ഏലവും കുരുമുളകും ഗ്രാമ്പൂവും സ്വന്തം ബ്രാന്‍ഡില്‍ ഇറക്കാന്‍ ഇരുവരും തീരുമാനിച്ചു. ‘ഹെവന്‍ലി സ്പൈസസ് എന്ന പേരില്‍ വെബ്സൈറ്റ് തുടങ്ങി. ഇടുക്കിയുടെ യഥാര്‍ഥ ഗോള്‍ഡായ ഏലത്തിന്‍റെ വിപണി പഠിച്ചു. അതായിരുന്നു ‘തനി ഇടുക്കിക്കാരി’ എന്ന ബ്രാന്‍ഡിന്‍റെ തുടക്കം.

idukki-thani

ഇരട്ടകളുടെ സ്വപ്നം

ഇടുക്കി ചേറ്റുകുഴി കുഴിക്കണ്ടം സ്വദേശികളായ മരീനയും മരിയയും പ്രൈമറി സ്കൂള്‍ മുതല്‍ ഒരേ ക്ലാസിൽ ഒരുമിച്ചിരുന്നായിരുന്നു പഠനം. ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിട്ടും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നായായിരുന്നു ആഗ്രഹം. കൃഷിയിലേക്ക് തിരിഞ്ഞപ്പോള്‍ ബന്ധുക്കളടക്കം പരിഹസിച്ചു. പക്ഷെ രണ്ടുപേരും ചെറുപുഞ്ചിരിയോടെ പോരാടി. പറമ്പില്‍ പണിയെടുത്തു. പൊന്ന് വിളയിച്ചു. ഏലത്തട്ട കൊടുക്കാനും ഏലക്കാ സ്റ്റോറിലെത്തിക്കാനും മുതല്‍ സ്റ്റിയറിങ് പിടിക്കാൻ വരെ ഈ മിടുക്കികൾ റെഡി.

പൊന്നുവിളയും മണ്ണ്, വിപണിയെ അറിഞ്ഞ് നയം

thani-product

സ്പൈസസ് ബ്രാന്‍ഡ് ആയതുകൊണ്ടുതന്നെ വെല്ലുവിളികള്‍ ധാരാളം. വിപണി കണ്ടെത്തി, ബ്രാന്‍‍ഡ് വളര്‍ത്തുക എന്നതാണ് ആദ്യപടി. അതിനുള്ള ഓട്ടത്തിലാണ് ഈ മിടുക്കികള്‍. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ പരമാവധി ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘തനി ഇടുക്കിക്കാരി’യുടെ ഇടപെടലുകള്‍. ഉത്പന്നങ്ങൾ വാങ്ങിയവരിൽനിന്നു ലഭിച്ച പ്രതികരണങ്ങളാണ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. ഫാമിങ്ങിന്‍റെ തുടര്‍ച്ചയായി ഫാം ടൂറിസം ഉള്‍പ്പെടെയുള്ള മറ്റ് പദ്ധതികളും ഇരുവരുടെയും മനസിലുണ്ട്.

ENGLISH SUMMARY:

Kerala cardamom is the primary focus of this article, highlighting the story of twin sisters from Idukki who turned to farming and started their own spice brand. Their journey showcases the potential of agriculture and entrepreneurship in the high ranges of Kerala.