പ്രസംഗത്തിനിടെ ഗൗതം അദാനി ജെൻ റോബോട്ടിക്സിനെ പ്രശംസിച്ചതിനെപ്പറ്റി ഫെയ്സ്ബുക്ക് കുറിപ്പുമായി വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ച കുട്ടികൾ വികസിപ്പിച്ച ആശയമാണ് നാനാ രാജ്യങ്ങളിലേക്ക് റോബോട്ടുകളെ കയറ്റി അയക്കുന്ന വ്യവസായമായി വളർന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ലോകത്തെ ബിസിനസ് മീറ്റുകളിൽ പലരും സംസാരിക്കുമ്പോൾ പരാമർശിക്കുന്ന പേരാണ് ഗൗതം അദാനി. എന്നാൽ ഇതേ ഗൗതം അദാനി പ്രസംഗിക്കുമ്പോൾ പരാമർശിക്കുന്ന കമ്പനി ഏതാണെന്ന് നോക്കൂ. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ച കുട്ടികൾ വികസിപ്പിച്ച ആശയം സ്റ്റാർട്ടപ്പാക്കി മാറ്റി, കേരളത്തിൽ നിന്ന് ലോകത്തിലെ നാനാ രാജ്യങ്ങളിലേക്ക് റോബോട്ടുകളെ കയറ്റി അയക്കുന്ന വ്യവസായമായി വളർന്ന ജെൻ റോബോട്ടിക്സിനെയാണ് ഗൗതം അദാനി പ്രശംസിക്കുന്നത്. ഒരു വ്യവസായത്തിന്റെ വളർച്ചയുടെ ചിത്രത്തോടൊപ്പം ഒരു കണ്ടുപിടുത്തം എങ്ങനെ മനുഷ്യരുടെ അഭിമാനത്തിലും സമൂഹത്തിന്റെ നിലവാരത്തിലും മാറ്റമുണ്ടാക്കിയെന്നതും ഗൗതം അദാനി വിശദികരിക്കുമ്പോൾ ഓരോ മലയാളിക്കും അഭിമാനിക്കാം.

നിഖിലും വിമൽ ഗോവിന്ദും റാഷിദും അരുൺ ജോർജ്ജും പുതിയ സ്വപ്നവുമായി വന്നു. മാൻഹോൾ വൃത്തിയാക്കുന്നതിനിടയിൽ മരണപ്പെട്ട നൗഷാദിനെ പോലുള്ളവരുടെ അനുഭവം ആധുനികകാലത്ത് മറ്റൊരാൾക്കും ഉണ്ടാകാതിരിക്കണമെന്ന് നാട് ആഗ്രഹിക്കുന്ന സമയത്താണ് മനുഷ്യനുപകരം റോബോട്ട് എന്ന സ്വപ്നവുമായി അവർ വന്നത്. ഞങ്ങൾ അവർക്ക് ടെക്‌നോപാർക്കിൽ ചെറിയ സൗകര്യം നൽകി. പിന്നീടും അവർക്കൊപ്പം നിന്നു. തിരുവനന്തപുരത്ത് കിൻഫ്ര പാർക്കിൽ ജെൻറോബോട്ടിക്സിൽ 300ലധികം പേർ ജോലിചെയ്യുന്നു. പാലക്കാട് കെഎസ്ഐഡിസി പാർക്കിൽ പുതിയഫാക്ടറിയുടെ നിർമ്മാണം പുരോഗമിക്കുന്നു. അടുത്തവർഷമാദ്യം പ്രവർത്തനം തുടങ്ങും. സ്‌ട്രോക്ക് വന്നവർ ഉൾപ്പെടെയുള്ളവർക്ക് നടക്കാൻ പരിശീലനം നൽകുന്ന എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന റോബോട്ടുകളാണ് ഇവിടെ നിർമ്മിക്കുന്നത്. പിണറായി സർക്കാരിന്റെ പ്രായമാണ് ജെൻ റോബോട്ടിക്സിനും. 

ലോകത്ത് വ്യവസായങ്ങൾ പൂട്ടിപോകുന്ന ഏക ഇടമാണ് കേരളം എന്ന് `അഭിമാനപുർവ്വം’ പറഞ്ഞ് വരുന്ന അപൂർവ്വജനുസ്സുകൾ, കേരളത്തിൽ തുടങ്ങി വിജയിച്ച വ്യവസായങ്ങളുടെ ലിസ്റ്റുമായി എന്നായിരിക്കും രംഗത്തിറങ്ങുക എന്ന പരിഹാസത്തോടെയാണ് മന്ത്രി ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

Gautam Adani praises Genrobotics in his speech. The company, started by engineering students in Kerala, has grown into a global robotics exporter.